കൊല്ലം: ട്രെയിനിൽ നിന്നും കായലിലേക്ക് വീണ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പാപ്പനംകോട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് അപകടത്തിൽപ്പെട്ടത്. പുനലൂരിൽ നിന്നു കന്യാകുമാരിയിലേക്ക് പോയ പാസഞ്ചർ ട്രെയിനില്‍ നിന്നുമാണ് പെണ്‍കുട്ടി പരവൂര്‍ കായലിലേക്ക് വീണത്.
ട്രെയിനിൽ തിരക്കായതിനാൽ വാതിലിനോട് ചേർന്നുള്ള യാത്രക്കിടയിൽ പരവൂർ കായലിന് കുറുകെ മാമൂട്ടിൽ പാലത്തിൽ ട്രെയിൻ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. ഈ സമയം പാലത്തിന് സമീപം രണ്ടു വള്ളത്തിലായി മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്നവരും തീരത്തുണ്ടായിരുന്ന പരവൂർ പോലീസിന്റെ ജനമൈത്രി കടലോര ജാഗ്രത സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പെൺകുട്ടിയെ കരയ്ക്കെത്തിച്ചത്.പെൺകുട്ടി വീണ ഭാഗം കരയിൽ നിന്നും അത്ര ദൂരത്തല്ലാതിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി.
പെൺകുട്ടിയെ നെടുങ്ങോലം സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം അയച്ചു. ടികെഎം എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ കെമിക്കൽ വിഭാഗം വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: