കാരായി രാജന്റെ ജാമ്യം റദ്ദാക്കണം - സിബിഐ

Thursday 14 September 2017 9:57 am IST

കൊച്ചി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്ത സിപിഎം നേതാവ് കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ വിചാരണക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനായ തലശ്ശേരിയില്‍ നടന്ന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലാണ് കാരായി രാജന്‍ പങ്കെടുത്തത്. ഇത് ഹൈക്കോടതി നേരത്തെ നല്‍കിയ ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ നടപടി. തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. എന്നാല്‍, കണ്ണൂര്‍ ജില്ലയില്‍ നടന്ന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ ക്ഷണിതാക്കളുടെ ടാഗ് ധരിച്ച് കാരായി രാജന്‍ മുന്‍നിരയിലിരുന്നു. ഇത് വിവാദമായതോടെയാണ് സിബിഐ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യമുന്നയിച്ചത് ഹൈക്കോടതിയെ സമീപിച്ചത്. ഫസല്‍ വധക്കേസില്‍ പ്രതിയായിരിക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗമായി രാജന്‍ വിജയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് രാജന്‍ കണ്ണൂരില്‍ എത്തിയതെന്നും സൂചനയുണ്ട്. പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി രാജന്‍ വാങ്ങിയിരുന്നില്ല. ഇതും കൂടി പരിഗണിച്ചാണ് സിബിഐയുടെ നീക്കം. സിപിഎം നിയന്ത്രണത്തിലുള്ള അച്ചടിസ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തു താമസിക്കാന്‍ അനുവാദം വേണമെന്നു കാരായി രാജന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. അതനുസരിച്ച് ഉപാധിയോടെ ജാമ്യത്തിലിറങ്ങിയ രാജന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് കഴിയുകയാണ്. ഇതിനിടെയാണ് ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങിനെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.