പകിട്ടുണ്ടാക്കുന്നത് താരങ്ങളല്ല ജനമാണ്‌

Wednesday 13 September 2017 3:30 pm IST

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തലശേരിയില്‍ ജനകീയ പങ്കാളിത്തംകൊണ്ട് വന്‍വിജയമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പക്ഷേ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സിനിമാക്കാരുടെ അസാന്നിധ്യം കൊണ്ടുകൂടി അവാര്‍ഡ് ചടങ്ങ് ശ്രദ്ധേയമായെന്നുംകൂടി പറയണം. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രൂക്ഷമായാണ് പ്രതികരിച്ചത്. അവാര്‍ഡു കിട്ടുന്നവരെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയെങ്കിലും അവര്‍ വരണമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കം. ഇതു സൂചിപ്പിക്കുന്നത് സിനിമാരംഗവും സര്‍ക്കാരും തമ്മില്‍ അകന്നു എന്നുകൂടിയാണ്. സൂപ്പര്‍ താരങ്ങള്‍ പോയിട്ട് പൊതുവെ സിനിമാ താരങ്ങളെന്നു പറയുന്നവരുടെ പോലും സാന്നിധ്യം പൊടിക്കുപോലും ഇല്ലായിരുന്നു. അവാര്‍ഡ് വാങ്ങാന്‍ എത്തിയവര്‍മാത്രമാണ് സിനിമാക്കാരെന്ന നിലയില്‍ ഉണ്ടായിരുന്നത്. സാധാരണനിലയില്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ വലിയൊരു താരനിര ഇത്തരം ചടങ്ങില്‍ വര്‍ണ്ണപ്പകിട്ടു തീര്‍ക്കാനെത്താറുള്ളതാണ്. പക്ഷേ അതുണ്ടായില്ല. സിനിമയിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട സൂപ്പറുകള്‍ തുടങ്ങി അറിയപ്പെടുന്നവരും പ്രശസ്തരുമായവര്‍ക്കാണ് സംസ്ഥാന അവാര്‍ഡ് അധികം കിട്ടിയിട്ടുള്ളതായി കാണുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ നല്ലനിലയില്‍ തകിടം മറിഞ്ഞുവെന്നാണ് അവാര്‍ഡിനര്‍ഹരായവരെക്കുറിച്ചും അതുവഴി പുരസ്‌ക്കാര സംവിധാനത്തെക്കുറിച്ചും പൊതുവില്‍ ഉണ്ടായ വിലയിരുത്തല്‍. ഇത്തവണ വിവിധവിഭാഗങ്ങളില്‍ അവാര്‍ഡിനര്‍ഹരായവര്‍ പ്രശസ്തരോ കൂടുതല്‍ അറിയപ്പെടുന്നവരോ ആയിരുന്നില്ല. പക്ഷേ മികവുകൊണ്ട് ഓരോരുത്തരും അര്‍ഹരായവര്‍ തന്നെയായിരുന്നു. മികച്ച നടന്‍,നടി,സഹ നടീനടന്മാര്‍,സംവിധാനം എന്നിവയ്ക്കുള്ള അംഗീകാരം നേടിയത് പുതുമക്കാര്‍ തന്നെയായിരുന്നു. നാളിതുവരെ ഇല്ലാതിരുന്ന ഒരു കീഴ് വഴക്കമാണ് ഇതിലൂടെ തകര്‍ന്നത്. വലിയ താരങ്ങളുടെ നോട്ടത്തില്‍ ഇവര്‍ രണ്ടാം തരക്കാരോ മൂന്നാംതരക്കാരോ ആണെന്നു തോന്നിയിട്ടുണ്ടാകാം. അതുകൊണ്ട് തങ്ങള്‍ക്കു കിട്ടാത്ത അവാര്‍ഡിന് തങ്ങളെന്തിനെത്തണം,മറ്റുള്ളവരെ എന്തിനു പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാവും പ്രമുഖ താരങ്ങള്‍കരുതിയത്. സിനിമാ മേഖല ആയതിനാല്‍ കുശുമ്പും കുന്നായ്മയുമൊക്കെ കൂടുതല്‍ കാണുമല്ലോ.പോരാത്തതിന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാക്കാര്‍ക്ക് പൊതുജനത്തിനു മുന്നില്‍ പകിട്ടുതീരെ കുറഞ്ഞിരിക്കുന്ന വേളയും. താരങ്ങളക്കൊണ്ടല്ല കാഴ്ചക്കാരെക്കൊണ്ടാണ് പകിട്ടുണ്ടാകുന്നതെന്നാണ് ജനം മനസിലാക്കിയത്.