ഇരട്ടക്കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍

Wednesday 13 September 2017 10:20 pm IST

പാലക്കാട്: നാടിനെ നടുക്കിയ പാലക്കാട്ടെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി പോലീസ് പിടിയില്‍. തോലനൂരില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മരുമകളുടെ സുഹൃത്താണ് പോലീസ് കസ്റ്റഡിയിലുള്ളതെന്ന് തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതക കാരണം വ്യക്തമാകൂ. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയും മരുമകള്‍ ഷീജയുടെ സുഹൃത്തുമായ സദാനന്ദന്‍ (53) ആണ് ഇന്നലെ ഉച്ചയോടെ പോലീസ് പിടിയിലായത്. മങ്കരയിലെ വാടക വീട്ടില്‍ നിന്ന് ഡിവൈഎസ്പി പി. ശശികുമാറിന്റെ നേതൃത്വത്തില്‍ കുഴല്‍മന്ദം, ആലത്തൂര്‍ സി.ഐമാരും എസ്പിയുടെ ക്രൈംസ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പ്രേമകുമാരിയുടെ സഹോദര പുത്രിയായാണ് ഷീജ. തോലനൂര്‍ പൂളക്കപറമ്പില്‍ സ്വാമിനാഥന്‍ (72) (റിട്ട ആര്‍മി), ഭാര്യ പ്രേമകുമാരി (65) എന്നിവരെയാണ് വീടിനുള്ളില്‍ ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണിയോടെ പാലുമായെത്തിയ അയല്‍ക്കാരി രാജലക്ഷ്മിയാണ് കെട്ടിയിട്ട നിലയില്‍ ഷീജ(35)യെ കണ്ടത്. പിന്നീട് വീട്ടിലെ ഹാളില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും വയറ്റില്‍ വെട്ടേറ്റും മരിച്ച നിലയില്‍ സ്വാമിനാഥനെ കണ്ടെത്തി. പ്രേമകുമാരിയെ തലയണ കൊണ്ട് കഴുത്ത് ഞെരിച്ചും കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച തൃശൂര്‍ റേഞ്ച് ഐജിയും പാലക്കാട് എസ്പിയുടെ ചുമതലയുള്ള മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റയും പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഭവസ്ഥലത്ത് മുളക് പൊടി വിതറിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഡോഗ് സ്‌ക്വാഡിലെ റോക്കി സ്ഥലത്തെത്തി മൂന്ന് കലോമീറ്ററോളം ഓടി പാടത്തിനരികില്‍ നിന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും വീട്ടില്‍ പരിശോധന നടത്തി. പ്രതി കുറ്റസമ്മതം നടത്തിയതായാണ് സൂചന. വീടിന്റെ വാതില്‍ അകത്ത് നിന്ന് തുറന്നുകൊടുത്ത നിലയിലായിരുന്നു. വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടുണ്ട്. മോഷണം നടന്നതിന്റെ സൂചനകളില്ല. ഷീജയുടെ മൊബൈലില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്നാണ് സദാനന്ദനിലേക്ക് പൊലീസിനെ എത്തിച്ചത്. ഷീജ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദീപ് കുമാര്‍ (മിലിട്ടറി, ഗുജറാത്ത്) , പ്രമോദ് കുമാര്‍ (ദുബായ്) , പ്രസീത എന്നിലരാണ് സ്വാമിനാഥന്റേയും പ്രേമകുമാരിയുടേയും മക്കള്‍. മരുമകളും ചേര്‍ന്നുള്ള ആസൂത്രണമെന്ന് സംശയം പാലക്കാട്: മരുമകള്‍ഷീജയെ ചോദ്യം ചെയ്താല്‍ ഇരട്ടക്കൊലപാതകത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത സദാനന്ദന്റെ പക്കല്‍ ഷീജയുടെ ആഭരണങ്ങള്‍ ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു. സദാനന്ദനും ഷീജയും ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ആഗസ്ത് 31ന് വീട്ടിലെ വൈദ്യുതി മീറ്ററില്‍ നിന്നും ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കോട്ടായി പോലീസില്‍ സ്വാമിനാഥന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതക ശ്രമത്തിന് ശേഷം ഷീജ ഇവര്‍ക്കൊപ്പം താമസിക്കുകയായിരുന്നു. ഷീജയുടെ മങ്കരയിലെ വീടിനു സമീപമാണ് സദാനന്ദന്‍ താമസിച്ചിരുന്നത്. നേരത്തെ തന്നെ ഷീജക്ക് സദാനന്ദനുമായി ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്‌ഫോടകവസ്തു സൂക്ഷിച്ച കേസില്‍ സദാനന്ദനെതിരെ എറണാകുളത്ത് മറ്റൊരു കേസുണ്ട്. സമീപത്തെ ക്വാറിയിലേക്ക് പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പാടശേഖര സമിതി സെക്രട്ടറിയായ സ്വാമിനാഥന്‍ പാലം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇതിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഐ.ജി സൂചിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.