ഹൈദരാബാദില്‍ പതിനേഴുകാരിയെ കാമുകന്‍ കൊലപ്പെടുത്തി

Wednesday 13 September 2017 4:12 pm IST

ഹൈദരാബാദ്: കാമുകിയായ 12ാം ക്ലാസുകാരിയെ കാമുകന്‍ കൊലപ്പെടുത്തി. ഹൈദരാബാദിലെ മാഡിനഗുഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നിനു സമീപത്തെ റോഡരികിലുള്ള കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിന്വേഷണത്തില്‍ നിര്‍ണായകമായത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിനങ്ങനെ: മിയാപ്പൂര്‍ സ്വദേശിനിയായ ചാന്ദ്‌നി ജെയ്ന്‍ എന്ന പെണ്‍കുട്ടി മൂന്ന് വര്‍ഷത്തോളമായി സായ് കിരണ്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ്. എന്നാല്‍, അടുത്തകാലത്തായി പ്രതി പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചാന്ദ്‌നി പിന്മാറാന്‍ തയാറല്ലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഏതുവിധേനയും ഒഴിവാക്കാന്‍ സായ്കിരണ്‍ തീരുമാനിച്ചത്. കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവരികയും അമീന്‍പൂരിലെ കുന്നിന്‍ മുകളിലെത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് യുവാവ്, പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിന്നാലെ ഇയാള്‍ ചാന്ദ്‌നിയെ കുന്നിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം, സുഹൃത്തുക്കളെ കാണാനെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഏറെ വൈകിയിട്ടും കാണാഞ്ഞതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, യുവാവ് ഒറ്റയ്ക്കായിരിക്കില്ല കൃത്യം നടത്തിയതെന്നും ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകാമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.