റിതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി

Wednesday 13 September 2017 6:23 pm IST

കൊല്‍ക്കത്ത; പാര്‍ട്ടിക്ക് അനഭിമതനായ രാജ്യസഭാ എംപിയും മുതിര്‍ന്ന നേതാവുമായ റിതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി. പാര്‍ട്ടി മൂല്യങ്ങള്‍ കാറ്റില്‍ പറത്തി ആഡംബര ജീവിതം നയിച്ചെന്നാണ് പറയുന്ന കാരണം.പാര്‍ട്ടി നേതാക്കളുടെ തീരുമാനങ്ങളും നയങ്ങളും ചോദ്യം ചെയ്തതാണ് പുറത്താക്കലിന്റെ ശരിയായ കാരണം. പ്രകാശ് കാരാട്ട് അടക്കം പ്രമുഖര്‍ക്ക് ബാനര്‍ജി തലവേദനയായിരുന്നു. പാര്‍ട്ടി നേതാക്കളുടെ ചെയ്തികളെ നിരന്തരം വിമര്‍ശിച്ച ബാനര്‍ജി കഴിഞ്ഞ ദിവസം പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ മുസ്‌ളീം സംവരണമുണ്ടെന്നും തുറന്നടിച്ചിരുന്നു. വില കൂടിയ ആപ്പിള്‍ ഫോണും വാച്ചും ധരിച്ചതിന് ആഡംബര ജീവിതം നയിച്ചുവെന്നാരോപിച്ച് ജൂണ്‍ രണ്ടിനാണ് സസ്‌െപന്‍ഡ് ചെയ്തത്. തുടര്‍ന്ന് നിയമിച്ച പിബി അംഗവും ബാനര്‍ജിയുടെ മുഖ്യശത്രുവുമായ മൊഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പുറത്താക്കിയത്. കഴിഞ്ഞ ഒരു വര്‍ഷം ടിഎയായി ബാനര്‍ജി 69 ലക്ഷം രൂപ വാങ്ങിയതും വിവാദമാക്കിയിരുന്നു. പികെ ശ്രീമതിയും രാജേഷുമടക്കമുളളരും ടിഎയായി വലിയ തുക കൈപ്പറ്റിയെങ്കിലും ബാനര്‍ജിക്കെതിരെയാണ് വിവാദമുയര്‍ന്നത്. കമ്മ്യൂണിസ്റ്റിനു ചേര്‍ന്ന ജീവിത ശൈലിയല്ല ബാനര്‍ജിയുടേതെന്നാണ് പാര്‍ട്ടി നേതാക്കളുടെ ആരോപണം.പാര്‍ട്ടി നേതാക്കള്‍ ബംഗാള്‍ വിരുദ്ധരാണെന്നും സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാക്കുന്നത് പ്രകാശ് കാരാട്ടും ഭാര്യ വൃന്ദയും ചേര്‍ന്നാണ് തടഞ്ഞതെന്നും കഴിഞ്ഞ ദിവസം ബാനര്‍ജി ആരോപിച്ചിരുന്നു. മാത്രമല്ല മുസ്ളീം സംവരണം ഉള്ളതിനാലാണ് മൊഹമ്മദ് സലീം പോളിറ്റ് ബ്യൂറോ അംഗമായി തുടരുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് പുറത്താക്കല്‍.