ശോഭായാത്ര തടഞ്ഞതിന് പിന്നില്‍ സിപിഎമ്മിന്റെ അസഹിഷ്ണുത: എ.വേലായുധന്‍

Wednesday 13 September 2017 8:11 pm IST

കാസര്‍കോട്: കിനാനൂര്‍ കരിന്തളം പെരിയങ്ങാനം കുമ്പളപ്പള്ളിയില്‍ ബാലഗോകുലത്തിന്റെ നേത്യത്വത്തിലുള്ള ശോഭായാത്ര തടഞ്ഞതിനു പിന്നില്‍ സിപിഎം ജില്ലാ നേത്യത്വത്തിന്റെ ഗുഡാലോചനയും പിന്തുണയുമുണ്ടെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു. കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിന്റെ ഗ്രാമ നഗരവീഥികളില്‍ ഭക്തിയോടെയും ഉത്സാഹത്തോടെയും ആബാലവൃദ്ധം ജനങ്ങള്‍ അണിനിരന്നു കൊണ്ട് ജാതിമത രാഷ്ടീയ ചിന്തകള്‍ക്കതീതമായി നടന്നു കൊണ്ടിരിക്കുന്ന ശോഭായാത്രകളില്‍ അണിനിരക്കുന്ന പതിനായിരങ്ങളെ കണ്ട് അസഹിഷ്ണുത പൂണ്ട സിപിഎം നേത്യത്വം കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദ ഫലമായാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി തടയാനും പ്രശ്‌നങ്ങളുണ്ടാക്കാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.   കുമ്പളപള്ളി കാലിച്ചാമരത്ത് ശ്രീകൃഷ്ണ ജയന്തി ദിവസം മനപൂര്‍വം പ്രകോപനമുണ്ടാക്കാനായി അനാവശ്യമായ പരിപാടി സംഘടിപ്പിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയുമായിരുന്നു സിപിഎം നേതൃത്വം ചെയ്തത്. രണ്ടു പരിപാടികള്‍ ഒരുമിച്ചു വരുമ്പോള്‍ പോലിസിനെ ഉപയോഗിച്ച് പരിപാടിക്ക് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. സിപിഎം ക്രമിനലുകളുംഗുണ്ടാസംഘങളും രാവിലെ മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഭീഷണികളും സമ്മര്‍ദങ്ങളും പോലിസിന്റെ വിലക്കും വകവെയ്ക്കാതെ നൂറ് കണക്കിന് കുട്ടികളും അമ്മമാരും അണിനിരന്നപ്പോള്‍ സിപിഎം പോലീസിനെ ഉപയോഗിച്ച് ശോഭ യാത്ര തടയുകയെന്ന തരംതാണ പ്രവര്‍ത്തനമാണ് നടത്തിയത്. ഹൈന്ദവ ഉത്സവങ്ങള്‍ക്കും മുല്യങ്ങള്‍ക്കുമെതിരെ സിപിഎം നടത്തി കൊണ്ടിരിക്കുന്ന അവഹേളനവും നിന്ദയും എല്ലാ അതിരുകളും കടന്നിരിക്കുകയാണ്. കേരളത്തിലെ പ്രബുദ്ധരായ ജനത ഇതിന് മാപ്പു നല്‍കില്ലെന്ന് എ.വേലായുധന്‍ കൂട്ടിച്ചേര്‍ത്തു.