500 ഏക്കറിലെ കൊയ്ത നെല്ല് നശിച്ചു

Wednesday 13 September 2017 8:41 pm IST

കുട്ടനാട്: കൊയ്ത്ത് കഴിഞ്ഞാലുടന്‍ നെല്ലു സംഭരിക്കുമെന്ന മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും വാക്ക് പാഴായി. ഓണത്തോട് അനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി അവധിയെടുത്തതോടെ കുട്ടനാട്ടിലെ 500 ഏക്കറിലെ കൊയ്ത നെല്ല് പാടവരമ്പത്ത് നശിച്ചു കഴിഞ്ഞു. ചെറുതന, പച്ച, പാണ്ടന്‍കരി, വീയപുരം തുടങ്ങിയ ഭാഗങ്ങളിലെ കര്‍ഷകര്‍ക്കാണ് തിരിച്ചടി നേരിട്ടത്. കൊയ്ത നെല്ല് സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് പാഡി ഓഫീസര്‍മാരെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.തുടര്‍ച്ചയായി പെയ്ത മഴയില്‍ കൊയ്ത നെല്ല് പൂര്‍ണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. സമയത്ത് നെല്ല് സംഭരിക്കാതിരുന്നതില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷകര്‍. കുട്ടനാട്ടില്‍ 11,095 ഹെക്ടറിലാണ് ഇത്തവണ രണ്ടാംകൃഷി ഉള്ളത്. വെളിയനാട് ബ്ലോക്ക് പരിധിയില്‍ പുളിങ്കുന്ന്, കാവാലം, വെളിയനാട്, രാമങ്കരി, നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയിലെ 27 പാടശേഖരങ്ങളിലായി 1,397 ഹെക്ടര്‍ സ്ഥലത്തും ചമ്പക്കുളം ബ്ലോക്ക് പരിധിയില്‍ നെടുമുടി, ചമ്പക്കുളം, കൈനകരി, തലവടി, എടത്വ കൃഷിഭവന്‍ പരിധിയിലെ 120 പാടശേഖരങ്ങളിലായി 5,800 ഹെക്ടര്‍ സ്ഥലത്തും അമ്പലപ്പുഴ ബ്ലോക്കിന്റെ പരിധിയില്‍ പുറക്കാട്ട് കൃഷിഭവനില്‍ 1,000 ഹെക്ടറിലും അമ്പലപ്പുഴ നോര്‍ത്ത് കൃഷിഭവനില്‍ 473 ഹെക്ടറിലും സൗത്ത് കൃഷിഭവനില്‍ 555 ഹെക്ടറിലും കരുവാറ്റ കൃഷിഭവനില്‍ 570 ഹെക്ടറിലും തകഴി കൃഷിഭവനില്‍ 1,300 ഹെക്ടറിലുമാണു രണ്ടാം കൃഷിയിറക്കുന്നത്. കൊയ്ത്തുകാലമായതോടെ മഴ ശക്തമായി തുടരുന്നത് കര്‍ഷകരെ ആശങ്കയിലാക്കി. നെല്ലു സംഭരണം കൃത്യമായി നടത്തിയില്ലെങ്കില്‍ വന്‍ നഷ്ടമാകും കര്‍ഷകര്‍ക്കുണ്ടാകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.