അസൗകര്യങ്ങളുമായി ഈരാറ്റുപേട്ട വില്ലേജ് ഓഫീസ്

Wednesday 13 September 2017 9:00 pm IST

ഈരാറ്റുപേട്ട: അസൗകര്യങ്ങളുടെയും ഇല്ലായ്മയുടെ നടുവിലാണ് ഈരാറ്റുപേട്ട വില്ലേജ് ഓഫീസ്. ഏറ്റവും ജനസാന്ദ്രതയേറിയ നഗരസഭകളിലൊന്നായ ഈരാറ്റുപേട്ടയിലെ വില്ലേജ് ഓഫീസിലെത്താന്‍ കാടുകയറണം.നിന്നുതിരിയാന്‍പോലും ഇടമില്ലാത്ത ഒരു മുറിയാണുള്ളത്. സ്‌ക്രീന്‍വച്ച് മറച്ചാണ് വില്ലേജ് ഓഫീസര്‍ ഇരിക്കുന്നത്. ഓഫീസിലെത്തുന്നവര്‍ സ്ഥലപരിമിതിമൂലം വെളിയില്‍ നില്‍ക്കണം. മഴക്കാലമായാല്‍ ഒരു കുട കൂടി കരുതണം. 1984 ലാണ് ഈരാറ്റുപേട്ട വില്ലേജ് രൂപീകരിച്ചത്. തലപ്പലം, പൂഞ്ഞാര്‍ നടുഭാഗം, കൊണ്ടൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വില്ലേജ് രൂപികരിച്ചത്.1999 വരെ ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫീസ് 2000 ലാണ് അരുവിത്തുറ പള്ളിക്ക് സമീപം സ്വന്തമായി കെട്ടിടം പണിതീര്‍ത്ത് മാറ്റപ്പെട്ടത്. ദിനംപ്രതി നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നത്. നഗരമധ്യത്തിലാണെങ്കിലും ഓഫീസിനു ചുറ്റും കാടുകയറിക്കിടക്കുന്നതിനാല്‍ വില്ലേജ് ഓഫീസും പരിസരവും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.ഓഫീസ് അടച്ചു കഴിഞ്ഞാല്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന കെട്ടിടമായതിനാലും വെളിച്ചമില്ലാത്തതിനാലും മദ്യപന്മാരുടെ ശല്യമാണ്.വില്ലേജ് ഓഫീസിനു ചുറ്റുമതില്‍ നിര്‍മിച്ചു സാമൂഹ്യവിരുദ്ധരുടെ ശല്യത്തില്‍ നിന്നും രക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.