നെടുങ്കണ്ടത്ത് മ്ലാവിറച്ചിയുമായി മൂന്ന്‌പേര്‍ പിടിയില്‍

Wednesday 13 September 2017 9:13 pm IST

കട്ടപ്പന: നെടുങ്കണ്ടം ബാലന്‍പിള്ള സിറ്റിയില്‍ മ്ലാവിറച്ചിയുമായി മൂന്ന്‌പേര്‍ പിടിയില്‍. ചോറ്റുപാറ ബ്ലോക്ക് നമ്പര്‍ 220ല്‍ സുന്ദരേശന്‍, കോലച്ചിറയില്‍ സുനില്‍കുമാര്‍, പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 40 കിലോ മ്ലാവ് ഇറച്ചി കണ്ടെടുത്തു. കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് വന്‍ നായാട്ട് സംഘം പ്രവര്‍ത്തിക്കുന്നതായാണ് ഇവരില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയില്‍ നെടുങ്കണ്ടം പോലീസ് ബാലന്‍പിള്ള സിറ്റിയില്‍ പെട്രോളിങ് നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കാട്ടിറച്ചി കണ്ടെടുത്തത്. ഇറച്ചി ചില്ലറ വില്‍പ്പന നടത്തുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കെണിയൊരുക്കിയും വെടിവെച്ചും മറ്റുമായി വനമേഖലയില്‍ നിന്ന് പിടികൂടുന്ന കാട്ട് പോത്ത്, മ്ലാവ്, കേഴ തുടങ്ങിയ മൃഗങ്ങളെ അവിടെ വച്ച് തന്നെ കശാപ്പ് ചെയ്ത് ചില്ലറ വില്‍പ്പനയ്ക്കായി തയ്യാറാക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാരെ കണ്ടെത്തി ഇറച്ചി നേരിട്ട് കൈമാറുകയും ചെയ്യും. സാധാരണ ഇറച്ചിയേക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്. ആവശ്യക്കാര്‍ ഏറെയായതിനാല്‍ വന്‍ ലോബി വേട്ടയക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്നാണ് സൂചന. പിടികൂടിയ പ്രതികളേയും ഇറച്ചിയും വാഹനവും നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി. നെടുങ്കണ്ടം എസ്‌ഐ ഇ.കെ സോള്‍ജിമോന്‍, ജൂനിയര്‍ എസ്‌ഐ അഭിലാഷ്, എഎസ്‌ഐ ജോസ് വര്‍ഗീസ്, സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ അജീഷ്, ഷെമീര്‍, ഹോം ഗാര്‍ഡ് രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.