കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്; സിന്ധു, കശ്യപ്, സമീര്‍ രണ്ടാം റൗണ്ടില്‍

Wednesday 13 September 2017 9:35 pm IST

സോള്‍: കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, പി. കശ്യപ്, സമീര്‍ വര്‍മ്മ, സായ് പ്രണീത് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. അതേസമയം സൗരഭ് വര്‍മ്മ, എച്ച്.എസ്. പ്രണോയ് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. വനിതാ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ ഹോങ്കോംഗിന്റെ ചെംഗ് നാന്‍ യിയെ തകര്‍ത്താണ് സിന്ധു വിജയം കൊയ്തത്. 34 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-13, 21-8 എന്ന സ്‌കോറിനായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേത്രി സിന്ധുവിന്റെ വിജയം. പുരുഷ സിംഗിള്‍സില്‍ പി. കശ്യപ് ചൈനീസ് തായ്‌പേയിയുടെ ഹു ജെന്‍ ഹൊയെ 21-13, 21-16 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. സമീര്‍ വര്‍മ്മ എട്ടാം സീഡ് തായ്‌ലന്‍ഡിന്റെ തനോന്‍സാക് സീന്‍സൊണ്‍ബൂംസികിനെ അട്ടിമറിച്ചാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. 54 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-13, 21-23, 21-9 എന്ന ക്രമത്തിലായിരുന്നു സമീറിന്റെ ജയം. സായ് പ്രണീത് ഹോങ്കോങ്ങിന്റെ ഹു യുന്‍നെ 21-15, 21-10 എന്ന സ്‌കോറിന് തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. അതേസമയം പുരുഷ ഡബിള്‍സില്‍ മനു അത്രി, സുമീത് റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-ശിഖി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ പുറത്ത്. മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ സഖ്യങ്ങള്‍ പുറത്തായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.