ഗീതാസന്ദേശങ്ങളിലൂടെ..

Friday 15 July 2011 11:00 pm IST

നിരന്തരമായ അഭ്യാസം കൊണ്ട്‌ ഈശ്വരസ്മരണ മനസ്സില്‍ നിറയ്ക്കാം. ഏത്‌ കര്‍മ്മം ചെയ്യുമ്പോഴും ഈശ്വര സ്മരണ നിലനിര്‍ത്തണം. എല്ലാത്തരത്തിലും ഈശ്വര ചൈതന്യമുണ്ടെന്നറിയണം, എല്ലാം നിലനില്‍ക്കുന്നതും അതിനാലാണെന്നറിഞ്ഞ്‌ സ്മരിച്ചാല്‍ എല്ലായിപ്പോഴും ഈശ്വരസ്മരണ നിലനിര്‍ത്താം. ഒരിക്കല്‍ ശരീരം വിട്ട്‌ ജീവാത്മചൈതന്യം പരമാത്മചൈതന്യത്തില്‍ വിലയം ചെയ്താല്‍ അത്‌ പിന്നെയൊരു ശരീരത്തെ പ്രാപിക്കേണ്ടതില്ല. ജീവാത്മ ചൈതന്യത്തെക്കുറിച്ച്‌ പരിമിതമായ വാക്കുകളുള്ള ഭാഷാ പ്രയോഗത്താല്‍ വിവരിക്കാനസാദ്ധ്യമാണ്‌. അതിനേക്കാള്‍ കഠിനമാണ്‌ പരമാത്മചൈതന്യത്തെക്കുറിച്ച്‌ വിവരിക്കുക എന്നത്‌. അതിലുമപ്പുറത്തുണ്ടെന്ന്‌ പറയാവുന്ന പരബ്രഹ്മ, പ്രപഞ്ച പുരുഷചൈതന്യമെന്നിപ്രകാരമുള്ള പദങ്ങളെപ്പോലും വിവരിക്കാനൊരിക്കലും സാധ്യമല്ല തന്നെ. ആ നിലവാരത്തിലുള്ളതിലേക്ക്‌, ദേഹം വെടിയുന്ന ആത്മാവ്‌ വിലയം പ്രാപിച്ചാല്‍ പിന്നീട്‌ തിരിച്ചവരവോ പുനര്‍ജനനമോ മരണമോ ഇല്ല. ഏതുതരം ജ്ഞാനവും (അത്മീയജ്ഞാനം) വിജ്ഞാനത്തിന്റെ (ശാസ്ത്രത്തിന്റെ) അടിത്തറയില്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ആത്മീയതയിലുണ്ടാകാന്‍ സാധ്യതയുള്ള അന്ധവിശ്വാസങ്ങളില്ലാതെയാക്കാന്‍ സാധിക്കും. പ്രപഞ്ചത്തില്‍ ഈശ്വരനോ, ഈശ്വരനില്‍ പ്രപഞ്ചമോ അലിഞ്ഞുചേര്‍ന്നിരിക്കുന്നില്ല. അന്തരീക്ഷത്തില്‍ വായു നിലനില്‍ക്കുന്നതുപോലെയുള്ള ബന്ധമാണ്‌ പ്രപഞ്ചവും അതിലുള്ള ഈശ്വരചൈതന്യവും. പ്രളയ (ചൈതന്യവത്തായി അലിഞ്ഞുചേരുന്നത്‌) കാലത്ത്‌ എല്ലാം പരമാത്മാവിലലിയുന്നതുപോലെ സൃഷ്ടികാലത്ത്‌ പരമാത്മാവില്‍ നിന്നു തന്നെയെല്ലാം പുനര്‍ജനിക്കപ്പെടുന്നു. ഈ സൃഷ്ടിയും, സ്ഥിതിയും, സംഹാരവും, പ്രളയവുമെല്ലാം പ്രപഞ്ചത്തിലെ സ്വബോധത്താലും പ്രജ്ഞാനത്താലും സ്വയം നടക്കുന്നതാണ്‌. ഒന്നും മറ്റൊന്നില്‍ ബന്ധിതമല്ല. പ്രപഞ്ചത്തില്‍ ചൈതന്യവും ചൈതന്യത്തില്‍ പ്രപഞ്ചവും വായുവും അന്തരീക്ഷവും പോലെയുള്ള ബന്ധത്തില്‍ നില്‍ക്കുന്നത്‌ ഈശ്വരചൈതന്യത്തിലാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.