മെഡിക്കല്‍ പ്രവേശന കേസ്: അന്തിമ വിധി അടുത്ത ആഴ്ച

Wednesday 13 September 2017 10:13 pm IST

ന്യൂദല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന അനുമതി റദ്ദാക്കിയ കേസില്‍ അന്തിമ വിധി പറയുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി. സമാന കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തത വരുത്തിയ ശേഷമേ അന്തിമ വിധിയുണ്ടാവൂ . കോളേജുകള്‍ക്ക് പ്രവേശന അനുമതി നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ അതിശക്തമായി എതിര്‍ത്തു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ച് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. തൊടുപുഴയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡിഎം മെഡിക്കല്‍ കോളേജ്, അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് എന്നിവരുടെ പ്രവേശന അനുമതി റദ്ദാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. മൂന്നു കോളേജുകളും കേരള സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് മുമ്പാകെ വാദം പൂര്‍ത്തീകരിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ എത്തിയിരുന്നില്ല. രണ്ടുമണിക്കേ എത്താനാവൂ എന്നറിയിച്ചതോടെ കോളേജുകള്‍ക്ക് അനുമതി നിഷേധിച്ചതിന് വ്യക്തമായ കാരണങ്ങളില്ലെന്ന് കാട്ടി തീരുമാനം റദ്ദാക്കുന്നതായി കോടതി വിധി പ്രസ്താവിച്ചു. എന്നാല്‍ വിധിപ്രസ്താവം പൂര്‍ത്തിയാവും മുമ്പ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയിലെത്തി കേന്ദ്രസര്‍ക്കാര്‍ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വിധി പ്രസ്താവന നിര്‍ത്തിവെച്ച് എഎസ്ജിക്ക് വാദം നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ആഗസ്തിന് ശേഷം മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശന അനുമതി നല്‍കരുതെന്ന മൂന്നംഗ ബെഞ്ചിന്റെ വിധി നിലവിലുള്ളതിനാല്‍ അനുമതി നിഷേധിച്ചത് പുനപരിശോധിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആഗസ്ത് 31ന് മുമ്പ് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ക്ക് മൂന്നംഗ ബെഞ്ചിന്റെ വിധി ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത തേടാന്‍ കോടതി നിര്‍ദ്ദേശിച്ചത്. മൂന്നു കോളേജുകളിലെ നാനൂറ് വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.