പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിക്ക് കീഴിലാക്കിയേക്കും

Wednesday 13 September 2017 10:16 pm IST

ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇതുവഴി ഇന്ധന വില നിയന്ത്രണം സാധ്യമാക്കാനാകും. ഇന്ധന വിലയില്‍ വരും ദിവസങ്ങളില്‍ വലിയ തോതിലുള്ള കുറവ് ഉണ്ടാകുമെന്നും പ്രധാന്‍ പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനി പ്രതിനിധികളുമായുള്ള യോഗശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇന്ധനവില ജിഎസ്ടിക്ക് കീഴിലാക്കാന്‍ ഉദ്യേശിക്കുന്നതായി കേന്ദ്രപെട്രോളിയം മന്ത്രി അറിയിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ക്രമാതീതമായി ഉയര്‍ന്നതാണ് രാജ്യത്തെ ഇന്ധന വിലയിലും പ്രതിഫലിച്ചത്. ജൂണില്‍ ബാരലിന് 46.56 ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ആഗസ്തിയില്‍ 50.63 ഡോളറായാണ് ഉയര്‍ന്നത്. ഇര്‍മ ചുഴലിക്കാറ്റും വില വര്‍ദ്ധനവിന് കാരണമായി. 13 ശതമാനം ഉല്‍പ്പാദനം ഇതുമൂലം ഇടിഞ്ഞിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് സൂചനകള്‍. ഇതനുസരിച്ച് രാജ്യത്തെ ഇന്ധന വിലയിലും വലിയ കുറവുണ്ടാകും. ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു. ദിനംപ്രതിയുള്ള ഇന്ധന വില നിര്‍ണ്ണയം തികച്ചും സുതാര്യമാണ്. വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനനികുതി ഉയര്‍ത്തിയത് വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. 26 ശതമാനത്തില്‍ നിന്ന് 34 ശതമാനത്തിലേക്കാണ് കേരളം ഇന്ധന നികുതി കുത്തനെ ഉയര്‍ത്തിയത്. 20ല്‍ നിന്ന് 27 ശതമാനമായി ദല്‍ഹി സംസ്ഥാന സര്‍ക്കാരും നികുതി ഉയര്‍ത്തി. ഇതൊക്കെ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്, പ്രധാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.