ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

Thursday 14 September 2017 12:37 pm IST

അഹമ്മദാബാദ് : മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു . സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് - മുംബൈ പാതയില്‍ ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതി 2023ല്‍ പൂര്‍ത്തികരിക്കാനാണ് ഉദേശിക്കുന്നത്. ജപ്പാന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയാണിത് .ജപ്പാനും ഭാരതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രസംഗത്തില്‍ അനുസ്മരിച്ചു. ഭാരതത്തിലെയും ജപ്പാനിലെയും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്ദ്ധര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സാദ്ധ്യമാകാത്ത ഒന്നുമില്ലെന്നും അബെ പറഞ്ഞു . ജപ്പാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ആബെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ അഭിനന്ദിച്ച ആബേ അദ്ദേഹത്തെ തന്റെ ഉറ്റ സുഹൃത്തായി വിശേഷിപ്പിക്കാനും മറന്നില്ല. 508 കിലോമീറ്റര്‍ പാതയില്‍ ആകെ 12 സ്റ്റേഷനുകള്‍ ആണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണു യാത്ര. മണിക്കൂറില്‍ 320 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്ന് അഹമ്മദാബാദിലെത്താന്‍ രണ്ടുമണിക്കൂര്‍ മതിയാകും. ഇന്ത്യയില്‍ നിലവില്‍ വേഗം കൂടിയ ട്രെയിന്‍ ഹസ്രത്ത് നിസാമുദീന്‍ ആഗ്ര കന്റോണ്‍മെന്റ് ഗതിമാന്‍ എക്‌സ്പ്രസ് ആണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍. 1.40 മണിക്കൂര്‍ കൊണ്ടു 187 കിലോമീറ്റര്‍ പിന്നിടും.        

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.