കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സിന്ധു, സമീര്‍ ക്വാര്‍ട്ടറില്‍

Thursday 14 September 2017 11:31 pm IST

                    സോള്‍: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, സമീര്‍ വര്‍മ്മ എന്നിവര്‍ കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടറില്‍ കടന്നു. എന്നാല്‍ സായ് പ്രണീത്, പി. കശ്യപ് എന്നിവരുടെ പോരാട്ടം രണ്ടാം റൗണ്ടില്‍ അവസാനിച്ചു. രണ്ടാം റൗണ്ടില്‍ സമീര്‍ വര്‍മ്മ തായ്‌ലന്‍ഡിന്റെ വോങ് വിന്‍ കിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് അവസാന എട്ടിലേക്ക് കുതിച്ചത്. 42 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-19, 21-13 എന്ന സ്‌കോറിനായിരുന്നു സമീര്‍ വര്‍മ്മയുടെ ജയം. ഒന്നാം സീഡ് ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹൊയാണ് സമീറിന്റെ എതിരാളി. പി. കശ്യപിനെ പരാജയപ്പെടുത്തിയാണ് സണ്‍ വാന്‍ ഹൊ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കശ്യപ് പരാജയം ഏറ്റുവാങ്ങിയത്. മറ്റൊരു മത്സരത്തില്‍ ഏഴാം സീഡ് ചൈനീസ് തായ്‌പേയിയുടെ വാങ് സു വെയ്‌യോട് പരാജയപ്പെട്ടാണ് സായ് പ്രണീത് രണ്ടാം റൗണ്ടില്‍ മടങ്ങിയത്. വനിതാ സിംഗിള്‍സില്‍ അഞ്ചാം സീഡ് പി.വി. സിന്ധു തായ്‌ലന്‍ഡിന്റെ നിചോണ്‍ ജിന്‍ഡാപോളിനെ തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് എത്തിയത്. 42 മിനിറ്റ് നീണ്ട കളിയില്‍ 22-20, 21-17 എന്ന സ്‌കോറിനായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേത്രിയായ സിന്ധുവിന്റെ വിജയം. ഒന്നാം സീഡ് ചൈനീസ് തായ്‌പേയിയുടെ തായ് സു യിങിനെ അട്ടിമറിച്ച ജപ്പാന്റെ മിനാറ്റ്‌സു മിതാനിയാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. പുരുഷ ഡബിള്‍സില്‍ രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലെത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.