ഒരു കാലിഫോര്‍ണിയന്‍ അപാരത!

Wednesday 20 September 2017 10:47 am IST

രണ്ടായിരത്തിപ്പതിനാലിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനുവരിയില്‍ അന്ന് 'ടൈംസ് നൗ' ചാനലിന്റെ മുഖ്യവാര്‍ത്താവതാരകനായിരുന്ന അര്‍ണബ് ഗോസ്വാമിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു അഭിമുഖം അനുവദിക്കുകയുണ്ടായി. ഏതെങ്കിലുമൊരു ചാനലില്‍ രാഹുലിന്റേതായി പ്രത്യക്ഷപ്പെട്ട ആദ്യ മുഴുനീള അഭിമുഖമായിരുന്നു അത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും, കോണ്‍ഗ്രസിന്റെ 'പ്രൈം മിനിസ്റ്റീരിയല്‍ മെറ്റീരിയല്‍' ആണ് നെഹ്‌റു കുടുംബത്തിന്റെ ഈ അനന്തരാവകാശിയെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമം തികഞ്ഞ പരാജയമായി. രാഹുലിന്റെ അന്നത്തെ ട്യൂഷന്‍ മാസ്റ്റര്‍ ജയ്‌റാം രമേഷ് ഒരുവശത്തും, സഹോദരി പ്രിയങ്ക വാദ്ര മറുവശത്തുമിരുന്ന് ധൈര്യം പകര്‍ന്നാണ് രാഹുലിനെക്കൊണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയിച്ചത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ആസ്ഥാനമായ ജവഹര്‍ലാല്‍ ഭവനിലിരുന്ന് റെക്കോഡ് ചെയ്ത ഈ അഭിമുഖം പിന്നീട് എഡിറ്റ് ചെയ്താണ് കാണിച്ചത്. മറ്റ് പല ഘടകങ്ങള്‍ക്കുമൊപ്പം ഇതും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന് കാരണമായി. രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പക്വമതിയായ ഒരു രാഷ്ട്രീയ നേതാവ് ചോദ്യങ്ങളോട് പ്രതികരിക്കുന്ന രീതിയായിരുന്നില്ല, മടിയും പേടിയുമുള്ള കുട്ടിയെ നഴ്‌സറി ക്ലാസിലെ ആദ്യദിനങ്ങളില്‍ വീട്ടിലുള്ളവര്‍ കൂട്ടിരുന്ന് ചിലതൊക്കെ ചെയ്യിക്കുന്നതും പറയിപ്പിക്കുന്നതുംപോലെയായിരുന്നു രാഹുലിന്റെ ഈ ചോദ്യോത്തര പരിപാടി. രാഹുലിനെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് വീണ്ടുമൊരു റിയാലിറ്റി ഷോ സംഘടിപ്പിച്ചിരിക്കുന്നു. വേദി ജവഹര്‍ലാല്‍ ഭവനില്‍നിന്ന് കാലിഫോര്‍ണിയയിലെ ബര്‍ക്ക്‌ലി സര്‍വകലാശാലയിലേക്ക് മാറ്റി. ജയ്‌റാം രമേഷിനു പകരം പുതിയ ട്യൂഷന്‍ മാസ്റ്ററായി ശശി തരൂര്‍ രംഗപ്രവേശം ചെയ്തു. എന്നിട്ടും രാഹുലിന്റെ ബൗദ്ധിക നിലവാരത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പറഞ്ഞുപഠിപ്പിച്ച കാര്യങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുകയാണെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തം. 'വിവരമില്ലാത്ത വിദഗ്ധനാണ്' താനെന്ന് യാന്ത്രികമായ മറുപടികളില്‍നിന്നും, കൃത്രിമമായ അംഗവിക്ഷേപങ്ങളില്‍നിന്നും രാഹുല്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യയിലെ പല കോളജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ രാഹുലിന് ഇളിഭ്യനായി മടങ്ങേണ്ടിവന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇങ്ങനെ സ്വന്തം നാട്ടില്‍ പാര്‍ട്ടിയിലും പാര്‍ലമെന്റിലും പരാജയത്തിന്റെ പ്രതിരൂപമായി അറിയപ്പെടുന്ന ഒരു 'നേതാവ്' എന്തിനാണ് വിദേശരാജ്യത്തുപോയി, അതും വിജ്ഞാനത്തിന്റെ കേന്ദ്രമായ ഒരു സര്‍വകലാശാലയില്‍ച്ചെന്ന് ഇത്തരമൊരു 'റിയാലിറ്റി ഷോ' നടത്തിയതെന്ന് പലരും ചോദിച്ചേക്കാം. എന്നാല്‍ കോണ്‍ഗ്രസിനും രാഹുലിനും ഇത് ആവശ്യമാണ്. കാരണം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവര്‍ക്ക് അവസാന ബസ്സാണ്. ഇന്ത്യയുള്‍പ്പെടെ മൂന്നാംലോക രാജ്യങ്ങളിലെ ചില ശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരും അനുവര്‍ത്തിച്ചുവരുന്ന ഒരു രീതിയുണ്ട്. വിവിധ വിഷയങ്ങളില്‍ തങ്ങള്‍ തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ 'നേച്ചര്‍', 'സയന്‍സ്' മുതലായ അന്താരാഷ്ട്ര ജേര്‍ണലുകളിലാണ് പ്രസിദ്ധീകരിക്കുക. ഇങ്ങനെ ചെയ്താലേ അംഗീകാരം ലഭിക്കൂ. എന്നാല്‍ അക്കാദമിക രംഗത്ത് ഇതോടൊപ്പം നടക്കുന്ന മറ്റൊരു അന്താരാഷ്ട്രത്തട്ടിപ്പുണ്ട്. ഏതെങ്കിലും വിഷയത്തില്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന 'പ്രബന്ധം' ഒരു 'അന്താരാഷ്ട്ര ജേര്‍ണല്‍' പ്രസിദ്ധീകരിക്കുന്നു. ഇതോടെ 'ഗവേഷകന്‍/ഗവേഷക' അംഗീകാരവും പദവികള്‍ വഹിക്കാനുള്ള യോഗ്യതയും നേടുന്നു. ഇനിയാണ് തട്ടിപ്പിന്റെ വിശ്വരൂപം വെളിപ്പെടുക. യോഗ്യതയും അംഗീകാരവും ലഭിക്കാനിടയാക്കിയ പ്രബന്ധം അച്ചടിക്കാന്‍ മാത്രമായി പ്രസിദ്ധീകരണം തുടങ്ങിയ ജേര്‍ണലിന് ഒറ്റ ലക്കത്തോടെ അകാലമരണം സംഭവിക്കും! ശുദ്ധമായ വെളിച്ചെണ്ണ ഹൃദ്രോഗമുണ്ടാക്കുമെന്നും, ഇതൊഴിവാക്കാന്‍ പാമോയില്‍ ഉപയോഗിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഉപയോഗിച്ച 'ഗവേഷണ പ്രബന്ധം' പ്രസിദ്ധീകരിച്ച ജേര്‍ണലിന്റെ വിധിയും ഇതായിരുന്നുവത്രെ. പപ്പു എന്ന വിളിപ്പേര് വീണിട്ടുള്ള രാഹുലിന്റെ ഇപ്പോഴത്തെ പ്രതിച്ഛായ മാറ്റി കനപ്പെട്ടയാളാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് ബര്‍ക്ക്‌ലി സര്‍വകലാശാല തന്നെ ഇത്തരമൊരു ചോദ്യോത്തര പരിപാടി സംഘടിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. ഇത് മുഖ്യമായും ശശി തരൂരിന്റെ ബുദ്ധിയിലുദിച്ചതുമായിരിക്കും. പക്ഷേ മറ്റ് പല കാര്യങ്ങളിലും വിദഗ്ദ്ധനാണെങ്കിലും തന്റെ പുതിയ യജമാനന് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ബുദ്ധിയും കഴിവും ഉണ്ടാക്കിക്കൊടുക്കാനാവില്ലല്ലോ. ''ഇന്ത്യ അറ്റ് 70: റിഫ്‌ളെക്ഷന്‍സ് ഓണ്‍ ദ പാത്ത് ഫോര്‍വേഡ്'' എന്ന പേരിട്ട പരിപാടിയില്‍ എന്‍ഡിഎ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ പതിവ് വിമര്‍ശനങ്ങള്‍ മാത്രമാണ് രാഹുല്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനാവാനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുമൊക്കെ താന്‍ ഒരുക്കമാണെന്നും യാതൊരു ഔചിത്യവുമില്ലാതെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊക്കെ ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെന്നല്ല, നല്ലൊരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്കുപോലും താല്‍പ്പര്യമില്ലാത്ത കാര്യങ്ങളാണ്. കോണ്‍ഗ്രസിലെ ഉപജാപക സംഘത്തിന് മാത്രമാണ് ഇതില്‍ താല്‍പ്പര്യമുള്ളത്. സത്യമിതായിരിക്കെ, അമേരിക്കയെപ്പോലൊരു രാജ്യത്തുപോയി, ലോകപ്രശസ്തമായ സര്‍വകലാശാലയില്‍ ഇതൊക്കെ വലിയ വായില്‍ വിളിച്ചുപറയണമായിരുന്നോ? 'ദ താവോ ഓഫ് ഫിസിക്‌സ്', 'ദ ടേണിങ് പോയിന്റ്', 'അണ്‍ കോമണ്‍ വിസ്ഡം' മുതലായ വിശിഷ്ട ഗ്രന്ഥങ്ങളിലൂടെ ലോകപ്രശസ്തനായ ഫ്രിജോഫ് കാപ്രയെപ്പോലുള്ളവര്‍ പഠിച്ചിറങ്ങിയ സര്‍വകലാശാലയാണിതെന്ന്, വിവരം വേണ്ടുവോളമുള്ള ശശി തരൂരെങ്കിലും ഓര്‍ക്കണമായിരുന്നു. എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ ഭരണചരിത്രത്തില്‍ അഞ്ചുപതിറ്റാണ്ടിലേറെ ഭരിച്ചത് കോണ്‍ഗ്രസ്. ഇതില്‍ത്തന്നെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 17 വര്‍ഷവും, മകള്‍ ഇന്ദിരാഗാന്ധി 11 വര്‍ഷവും, മരുമകള്‍ സോണിയ സൂപ്പര്‍ പ്രധാനമന്ത്രിയായി 10 വര്‍ഷവും തുടര്‍ച്ചയായി ഭരണം നടത്തി. ഇപ്പോള്‍ രാഹുല്‍ പറയുന്ന കോണ്‍ഗ്രസിന്റെ ആശയങ്ങളൊന്നും ദീര്‍ഘമായ ഇക്കാലയളവില്‍ നടപ്പാക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ആശയങ്ങള്‍ ആവര്‍ത്തിക്കുന്നതിലല്ല, നടപ്പാക്കുന്നതിലാണ് കാര്യം. ആരൊക്കെയോ തൊണ്ടയിലിട്ടു കൊടുക്കുന്ന 'ഐഡിയാസ്' വെറുതെ ആവര്‍ത്തിക്കുന്നത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല. ജനാധിപത്യബോധമുള്ളവര്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് വെറുക്കുന്ന നെഹ്‌റു കുടുംബത്തിന്റെ വംശാധിപത്യത്തെ ബര്‍ക്ക്‌ലിയിലെ പരിപാടിയില്‍ രാഹുല്‍ ന്യായീകരിക്കുകയുണ്ടായി. ഇക്കാര്യം മാത്രമാണ് അവിടെ പുതുതായി പറഞ്ഞത്. വംശാധിപത്യം ഇന്ത്യയില്‍ പതിവു പരിപാടിയാണെന്നാണ് യാതൊരു ലജ്ജയുമില്ലാത്ത 'യുവരാജാവ്' പ്രഖ്യാപിച്ചത്. യുപിയിലെ അഖിലേഷ് യാദവ്, തമിഴ്‌നാട്ടിലെ സ്റ്റാലിന്‍, എന്തിനേറെ ബോളിവുഡിലെ അഭിഷേക് ബച്ചന്‍ തുടങ്ങിയവരൊക്കെ വംശീയഭരണത്തിന്റെ സൃഷ്ടികളാണത്രെ. തന്നെ മാത്രം എന്തിന് കുറ്റപ്പെടുത്തണമെന്നാണ് രാഹുല്‍ ചോദിക്കുന്നത്. രാഹുലിനും ശശി തരൂരിനും തെറ്റി. കഴിവ് തെളിയിച്ചവര്‍ നേതൃസ്ഥാനത്തുവരുന്നതില്‍ ആരും എതിരല്ല. കോണ്‍ഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചിട്ടുള്ളത്. നിരവധി മഹാരഥന്മാരെ തന്ത്രപൂര്‍വം ഒഴിവാക്കിയാണ് ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വഴിയൊരുക്കിയത്. രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാതെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിക്കസേരയില്‍ കയറിയിരുന്നത്. യാതൊരു യോഗ്യതയും അര്‍ഹതയുമില്ലാതെയാണ് സോണിയ പ്രധാനമന്ത്രിയാവാന്‍ മോഹിച്ചത്. ജനങ്ങള്‍ നിരന്തരം എഴുതിത്തള്ളിയിട്ടും രാഹുലിനെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ സോണിയ ശ്രമിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലം രാജവാഴ്ചയുടേതായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നാം സ്വീകരിച്ചത് ജനാധിപത്യമാണെങ്കിലും അത് വംശവാഴ്ചയായി മാറ്റുകയായിരുന്നു നെഹ്‌റു കുടുംബം. അപ്പോഴും അവര്‍ ജനാധിപത്യത്തെക്കുറിച്ച് വാചാലരായി. നെഹ്‌റു കുടുംബത്തിന്റെ വംശാധിപത്യത്തിന് അന്ത്യം കുറിക്കുന്നതായിരുന്നു 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായി ലഭിച്ച ജനവിധി. ഇപ്പോള്‍ ജനാധിപത്യമല്ല, വംശാധിപത്യമാണ് ഇന്ത്യക്ക് ചേരുകയെന്ന് പറയുന്ന രാഹുലിന്റെ ചങ്കൂറ്റം അപാരമാണ്. ഒരു കാലിഫോര്‍ണിയന്‍ അപാരത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.