കൊച്ചി: ഐഎസ്എല്‍ നാലാം സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് തുടങ്ങി. ഹൈദരാബാദിലാണ് ആദ്യ ഘട്ട ക്യാമ്പ്ആരംഭിച്ചത്. വിദേശ പരിശീലനത്തിനു മുന്നോടിയായുള്ള ക്യാമ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്.
അസിസ്റ്റന്റ് കോച്ച് താങ്ബോയ് സിങ്തോയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. കോച്ച് റെനെ മ്യുളെസ്റ്റീന് അടുത്ത ആഴ്ചയേ ടീമിനൊപ്പം ചേരൂ.
സന്ദേശ് ജിങ്കാന്, ലാല്‍രുത്താര, ജാക്കിചന്ദ് സിങ് എന്നീ ഇന്ത്യന്‍ താരങ്ങള്‍ അടുത്ത ആഴ്ചയേ ടീമിനൊപ്പം ചേരുകയുള്ളൂ. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ മക്കാവുവിനെതിരായ മത്സരത്തിനും തുടര്‍ന്ന് ഇന്ത്യയില്‍ നടക്കുന്ന ത്രിരാഷ്ട്ര മത്സരങ്ങളിലും കളിക്കുന്നതിനുള്ള തയാറെടുപ്പിലാണ് താരങ്ങള്‍. അതിനുശേഷമാകും താരങ്ങള്‍ സംഘത്തോടൊപ്പം ചേരുക. ഈമാസം 30 ഓടെ ടീം സ്പെയിനിലേക്ക് തിരിക്കും.
തീരദേശ നഗരമായ മാര്‍ബെല്ലയിലാണ് ടീമിന് പരിശീലനം ഒരുക്കിയിരിക്കുന്നത്. വിദേശ താരങ്ങള്‍ അവിടെ ടീമിനൊപ്പം ചേരും. നവംബര്‍ 17നാണ് ഐഎസ്എല്‍ നാലാം സീസണ് പോരാട്ടങ്ങള്‍ ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: