തിരുവനന്തപുരം: പിന്നാക്ക സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയതിനെതിരെ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിക്കാനുള്ള എന്‍എസ്എസ് തീരുമാനം ശക്തമായ കാല്‍വയ്പ്പാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്. ഇതിനെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഭൂരിപക്ഷഐക്യം എന്ന ലക്ഷ്യം കൈവരിക്കാനുള്ള നീക്കത്തിന് എന്‍എസ്എസ് തീരുമാനം ശക്തിപകരും. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലീഗ് വല്‍ക്കരണത്തിനെതിരായ ജനവികാരം ശക്തമാകാന്‍ ഇതുവഴിതെളിക്കും.
ഭൂരിപക്ഷ സമുദായ ഐക്യത്തിന് പ്രധാന തടസ്സമായി നിന്നത് സംവരണത്തിന്റെ കാര്യത്തിലുള്ള അഭിപ്രായവിദ്യാസമായിരുന്നു. മുന്‍പ് ഐക്യശ്രമം ഉണ്ടായപ്പോഴൊക്കെ സംവരണ വിഷയത്തിലുള്ള നിലപാടിന്റെ പേരില്‍ തകര്‍ക്കുകയായിരുന്നു. പ്രമുഖ ഭൂരിപക്ഷസമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും സംവരണത്തിന്റെ പേരില്‍ കോടതികളില്‍ പരസ്പരം കേസും നടത്തിവരുന്നു.
ഈ സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം സാധ്യമാകില്ലെന്ന് കരുതിയവര്‍ക്ക് തിരിച്ചടിയാണ് എന്‍എസ്എസിന്റെ പുതിയ തീരുമാനം സമുദായ മൈത്രിയും സമൂഹനന്മയുമായി എന്നും വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുള്ള എന്‍എസ്എസ് ആ പാത സംവരണപ്രശ്നത്തിലും പിന്തുടര്‍ന്നിരിക്കുകയാണ്. എന്‍എസ്എസിന്റെ വിട്ടുവീഴ്ച ചെയ്യാനുള്ള തീരുമാനം കേരളത്തിന് പൊതുവേയും ഹിന്ദുക്കള്‍ക്ക് പ്രത്യേകിച്ചും ഗുണകരമാകും. മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: