കൈത്തോക്കുകളും വെടിയുണ്ടകളും കാണാതായത് അന്വേഷിക്കണം: കുമ്മനം

Thursday 14 September 2017 6:22 pm IST

തിരുവനന്തപുരം: നാലുമാസം മുന്‍പ് കേരളത്തിലേക്ക് 1000 തോക്കുകള്‍ കടത്തിയതായും അതിന് മുന്‍പ് പേരൂര്‍ക്കടയിലുള്ള എസ്എപി ക്യാമ്പില്‍ നിന്ന് 7200 വെടിയുണ്ടകള്‍ കാണാതായതായുമുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പോലീസ് വൃത്തങ്ങളും രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടും ആഭ്യന്തര വകുപ്പിന്റെ മൗനം ആശങ്കയുളവാക്കുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്ത് പറയാനുണ്ട് എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. ഫെബ്രുവരിയിലാണ് എസ്എപി ക്യാമ്പില്‍ നിന്ന് 7200 വെടിയുണ്ടകള്‍ അപ്രത്യക്ഷമായെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്. ഇക്കാര്യം പോലീസ് മേധാവി അന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനായി നാലംഗ സംഘത്തിനെ അന്ന് നിയോഗിച്ചുവെങ്കിലും ആ അന്വേഷണം മാസങ്ങള്‍ പിന്നിട്ടിട്ടും ഒരിടത്തും എത്താതിരിക്കുകയാണ്. അതിനിടെയാണ് നാല് മാസം മുന്‍പ് പ്രഹരശേഷി കൂടിയ 1000 കൈത്തോക്കുകള്‍ കേരളത്തിലെത്തിയതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഭീകരസംഘടനകള്‍ക്കെതിരെ എന്‍ഐഎയുടെ ഇടപെടല്‍ ആവശ്യപ്പെടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.