പ്രധാനമന്ത്രി സിഎജിക്കെതിരെ

Monday 27 August 2012 11:05 pm IST

ന്യൂദല്‍ഹി: കല്‍ക്കരി ഇടപാട്‌ വന്‍ വിവാദമാവുകയും പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിക്കുകയും ചെയ്തതോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിനെതിരെ തിരിഞ്ഞു. കല്‍ക്കരി ബ്ലോക്ക്‌ ഇടപാടില്‍ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ കണക്ക്‌ വികലവും തെറ്റിദ്ധാരണാജനകവുമാണെന്ന്‌ പ്രധാനമന്ത്രി ആരോപിച്ചു. കല്‍ക്കരി ഇടപാട്‌ സംബന്ധിച്ച എല്ലാ തീരുമാനങ്ങളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ രാജിക്കുവേണ്ടി പാര്‍ലമെന്റ്‌ ഇളകിമറിയുന്നതിനിടെ ഇരു സഭകളിലും നടത്തിയ പ്രസ്താവനയിലാണ്‌ സിഎജിയെ മന്‍മോഹന്‍സിംഗ്‌ രൂക്ഷമായി വിമര്‍ശിച്ചത്‌. ബഹളം മൂലം ഏതാനും ഭാഗങ്ങള്‍ മാത്രം വായിച്ചശേഷം പ്രസ്താവന ഇരുസഭകളിലും വെക്കുകയായിരുന്നു. സിഎജി റിപ്പോര്‍ട്ടുകള്‍ സാധാരണ പാര്‍ലമെന്റിന്റെ പബ്ലിക്ക്‌ അക്കൗണ്ട്സ്‌ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ബന്ധപ്പെട്ട മന്ത്രാലയം പ്രതികരിക്കുകയും ചെയ്യുന്ന പതിവിന്‌ വിപരീതമായാണ്‌ പ്രധാനമന്ത്രിയുടെ പ്രസ്താവന. ആരോപണത്തിന്റെ ഗൗരവവും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന കാലയളവില്‍ താന്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ്‌ പതിവ്‌ തെറ്റിച്ച്‌ പ്രസ്താവന നടത്തുന്നതെന്ന്‌ മന്‍മോഹന്‍സിംഗ്‌ പറഞ്ഞു.
ലേലം കൂടാതെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്ന നടപടി 1993 മുതല്‍ നിലവിലുണ്ടെന്നും സിഎജിയുടെ വിമര്‍ശനത്തിന്‌ വഴിതെളിച്ച രീതിയില്‍തന്നെയാണ്‌ മുന്‍ സര്‍ക്കാരുകളും അവ അനുവദിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ലേലത്തിലൂടെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതിനെ പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ്‌, ഝാര്‍ഖണ്ഡ്‌, ഒറീസ, രാജസ്ഥാന്‍ തുടങ്ങിയ പ്രതിപക്ഷഭരണ സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനികള്‍ക്ക്‌ വാണിജ്യഖനനം അനുവദിക്കാന്‍ കല്‍ക്കരി ഖാനി ദേശസാല്‍ക്കരണ (ഭേദഗതി) ബില്‍, 2000 അവതരിപ്പിക്കുന്നത്‌ വൈകുന്ന കാര്യം പരാമര്‍ശിക്കവെ വിശാലമായ കൂടിയാലോചനകള്‍ക്കും അഭിപ്രായ സമന്വയത്തിനും വേണ്ടി സര്‍ക്കാര്‍ കാത്തിരിക്കയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത്‌ സത്യം ഏതുഭാഗത്തെന്ന്‌ രാജ്യം തീരുമാനിക്കട്ടെയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബഹളംമൂലം പതിവുപോലെ ഇന്നലെയും ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.