അനധികൃത വയല്‍ നികത്തല്‍ വ്യാപകമാകുന്നു

Friday 15 September 2017 9:51 pm IST

മലപ്പുറം: ജില്ലയില്‍ അനധികൃതമായി വയലുകള്‍ നികത്തുന്നത് വ്യാപകമാകുന്നു. ഏക്കറുകണക്കിന് നെല്‍പ്പാടങ്ങളാണ് മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത്. ചേലേമ്പ്രയില്‍ ആഢംബര വീട് നിര്‍മാണത്തിനായി നിയമം കാറ്റില്‍പറത്തി ഒരേക്കറോളം വയല്‍ നിര്‍ബാധം നികത്തിയിട്ടും പഞ്ചായത്ത് അധികൃതരും കൃഷി ഓഫീസറും കണ്ടില്ലെന്നു നടിക്കുകയാണ്. വീട് നിര്‍മാണം തുടങ്ങിയതോടെ വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകര്‍ പരാതിയുമായി എത്തിയതോടെ വിഷയം വിവാദമായി. ഇടിമൂഴിക്കല്‍ മത്സ്യമാര്‍ക്കറ്റിനു പിന്‍വശത്തായി നമ്പീരീപ്പറമ്പ് ഭാഗത്ത് ചേലൂപ്പാടം സ്വദേശിയായാണ് അനധികൃതമായി വയല്‍ നികത്തി ആഢംബര വീട് നിര്‍മിക്കുന്നത്. വയല്‍ നികത്തുന്നതിനു അനുമതി ലഭിച്ചിട്ടില്ലെങ്കിലും പൂര്‍ണമായും നികത്തിയ നിലയിലാണ്. പഞ്ചായത്തില്‍ നിന്നു കെട്ടിട നിര്‍മാണ അനുമതിയില്ലാതെ ആഡംബര വീടിന്റെ തൂണുകള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിനു കാരണം അഴിമതിയാണെന്ന് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മ കണ്‍വീനര്‍ പി.സോമന്‍ പറഞ്ഞു. എല്ലാ വേനല്‍ക്കാലത്തും പൊതുജനങ്ങള്‍ക്കു ടാങ്കറില്‍ കുടിവെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ചേലേമ്പ്ര പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരത്തിനു സമീപത്തെ വയലാണ് നികത്തിയത്. വയല്‍ അനധികൃതമായി നികത്തി മതില്‍ കെട്ടിയതായും പരാതിയിലുണ്ട്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷിഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. അനധികൃത നിര്‍മാണ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് അധികൃതര്‍ പരസ്യമായ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിക്കാരന്‍ കുറ്റപ്പെടുത്തി. അനധികൃത നിര്‍മാണം എത്രയും വേഗം തടയാന്‍ നടപടിയെടുക്കണമെന്നും വയല്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്നും വയല്‍ അനധികൃതമായി നികത്തിയ ഉടമക്കെതിരെ നിയമ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇതുപോലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലയുകള്‍ നികത്തുന്നുണ്ട്. നിലമ്പൂരില്‍ നീര്‍ച്ചോല നികത്തി മാലിന്യനിക്ഷേപ കേന്ദ്രമാക്കിയിരിക്കുകയാണ്. തിരൂരില്‍ വയലും പുഴയോരവും കയ്യേറിയാണ് പ്രമുഖ രാഷ്ട്രീയ സംഘടന ആശുപത്രി നിര്‍മ്മിക്കുന്നത്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ നിയന്ത്രിക്കാന്‍ പൊതുജനം തെരുവിലിറങ്ങേണ്ട അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.