മുനിസിപ്പല്‍ ലൈസന്‍സില്ലാതെ മത്സ്യ-മാംസ മാര്‍ക്കറ്റ്

Friday 15 September 2017 10:25 pm IST

  തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ ലൈസന്‍സില്ലാതെ മങ്ങാട്ടുകവല ബൈപ്പാസില്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ സീ ഫുഡ്‌സ് മാര്‍ക്കിന്റെ ഉദ്ഘാടകയായി തൊടുപുഴ നഗരസഭ അധ്യക്ഷ സഫിയ ജബ്ബാര്‍ എത്തിയത് വിവാദമായി. ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെയും അനുമതിയില്ലാതെയാണ് നിസ്സാര്‍ കെ ഉമ്മര്‍ എന്നയാള്‍ മത്സ്യ-മാംസ സ്റ്റാള്‍ തുടങ്ങിയത്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ലൈസന്‍സുമായി മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗത്തില്‍ അപേക്ഷ നല്‍കിയാലെ ഈ സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കൂ. മുനിസിപ്പാലിറ്റിയുടെ ലൈസന്‍സിന്റെ പകര്‍പ്പ് വച്ച് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാലേ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി കിട്ടൂ. കെട്ടിടത്തിന്റെ ലൈസന്‍സ് മാത്രം ഉപേയാഗിച്ച് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പിന്തുണയോടെയാണ് ഈ സ്ഥാപനം നിയമം കാറ്റില്‍ പറത്തി പ്രവര്‍ത്തനം തുടങ്ങിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മിനി മാര്‍ക്കറ്റിനെതിരെ റസിഡന്റ് അസോസിയേഷന്‍ മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട്. കട അടച്ച് പൂട്ടണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതായി മുനിസിപ്പാലിറ്റിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനുവാദമില്ലാതെയാണ് തന്റെ പേര് നോട്ടീസില്‍ വച്ചതെന്ന് കൗണ്‍സിലര്‍ ജെസി ജോണി ജന്മഭൂമിയോട് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് സ്ഥാപനത്തിന്റെ ഉദ്ഘാടന വിവരം അറിയിക്കുന്നത്. സ്ഥാപനത്തിന് കൃത്യമായ രേഖകളുണ്ടോയെന്ന സംശയത്തിന്റെ പേരില്‍ ഉദ്ഘാടന ചടങ്ങില്‍ എത്തില്ലെന്ന് അറിയിച്ചിരുന്നതായും ജെസി ജോണി അറിയിച്ചു. സ്ഥാപനത്തിന്റെ ഉടമ നിസാര്‍ തന്റെ വാര്‍ഡില്‍ കുറെക്കാലം താമസിച്ചതിനാല്‍ മാത്രമാണ് നിയമ നടപടിക്ക് മുതിരാത്തതെന്നും കൗണ്‍സിലര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.