പയ്യന്നൂര്‍: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് പയ്യന്നൂര്‍ മേഖലയിലുണ്ടായ വന്‍ ജനപിന്തുണകണ്ടാണ് സിപിഎം അനാവശ്യവിവാദങ്ങള്‍ക്ക് ശ്രമിക്കുന്നതെന്നും അസഹിഷ്ണുതയുടെ സ്വരമാണ് അവരുടേതെന്നും ബാലഗോകുലം സംസ്ഥാന സെക്രട്ടറി സ്മിത വല്സന്. കല്യാശ്ശേരിയില്‍ ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎം സംഘം എറിഞ്ഞ് തകര്‍ത്ത റിട്ട. പോലീസ ഉദ്യോഗസ്ഥന് ഗംഗാധരന്റെ വീടും വീട്ടു വരാന്തയില്‍ റീത്ത് വെക്കുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്ത മാധ്യമ പ്രവര്ത്തകന് ശ്രീജയന്റെ വീടും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സ്മിത വല്സന്. ബാലഗോകുലത്തിന്റെ വര്‍ധിച്ചു വരുന്ന ജനപിന്തുണയില്‍ വിറളിപൂണ്ടവരാണ് ശോഭായാത്രയില്‍ കുട്ടിയെ വെയിലത്ത് കെട്ടിയിട്ടു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത്. മതിയായ സുരക്ഷാ സംവിധാനമൊരുക്കി രക്ഷാകര്‍ത്താക്കളുടെ സാന്നിദ്ധ്യത്തിലാണ് ശോഭായാത്ര നടന്നത്. ഒരു പരാതിക്കും ഇടനല്‍കാതെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി പരിഹാസ്യരാവുകയാണ് സിപിഎമ്മെന്നും സ്മിത വല്സന് പറഞ്ഞു. ജില്ലാ സംഘടനാ കാര്യദര്‍ശി എം.എം.ഗോവിന്ദന്, ജില്ലാ സമിതി അംഗങ്ങളായ പി.രാജീവന്, അനിത വിജയന് എന്നിവരും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: