സൂചനാ ബോര്‍ഡില്ല: യാത്രക്കാര്‍ ദുരിതത്തില്‍

Saturday 16 September 2017 10:06 pm IST

കഞ്ചിക്കോട്:കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ സൂചനാ ബോര്‍ഡുകള്‍ ഇത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാലക്കാട്- കോയമ്പത്തൂര്‍ ദേശീയ പാതയില്‍ കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കുള്ള വഴിയില്‍ നാളിതുവരെ സൂചനാ ബോര്‍ഡ് സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. നിരവധി തവണ യാത്രക്കാര്‍ ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. സത്രപ്പടിറോഡ് കൂടി സംഗമിക്കുന്ന ഇവിടെ വേഗതാ നിയന്ത്രണത്തിനു സംവിധാനങ്ങളുമില്ല. കോയമ്പത്തൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നിന്നും ചീറിപാഞ്ഞുവരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാവുകയാണ്. സിഗ്നല്‍ സംവിധാനമില്ലാത്തതും വേഗതാ നിയന്ത്രണത്തിന് സ്പീഡ് ബ്രേക്കുകളോ ഇല്ലാത്തതും പലപ്പോഴും അപകടത്തിന് കാരണമാവുന്നു. അനേകം ആള്‍ക്കാരാണ് ഇവിടെനിന്നും ഭാഗ്യംകൊണ്ട് മാത്രം രക്ഷപെട്ടിട്ടുള്ളത്. കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിരവധി സ്ഥിരം യാത്രക്കാരാണ് ദിനം പ്രതി കോയമ്പത്തൂര്‍ ഭാഗത്തേക്ക് പഠനത്തിനും തൊഴിലിനുമായി പോവുന്നത്. കോയമ്പത്തൂരില്‍ നിന്നുള്ള കണ്ണൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ പാസഞ്ചര്‍കള്‍ക്കും പാലക്കാട് നിന്നുള്ള കോയമ്പത്തൂര്‍ ട്രിച്ചി, ഈറോഡ് എന്നീ പാസഞ്ചര്‍കള്‍ക്കും കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്. കോയമ്പത്തൂരില്‍ നിന്നുമുള്ള അന്തര്‍സംസ്ഥാന ബസുകള്‍ക്ക് റെയില്‍വെ സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിര്‍ത്തുമെങ്കിലും പാലക്കാട് നിന്നുമുള്ള ബസുകള്‍ക്ക് ഐടിഐ കഴിഞ്ഞാല്‍ പിന്നെ അട്ടപ്പള്ളത്താണ് സ്റ്റോപ്പുള്ളത്. ഇതുമൂലം റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് വരേണ്ടവര്‍ ഐടിഐയില്‍ ഇറങ്ങി ഓട്ടോയെ ആശ്രയിക്കുകയോ അല്ലെങ്കില്‍ വാളയാര്‍ ബസില്‍ കയറി വാട്ടര്‍ ടാങ്ക് സ്റ്റോപ്പില്‍ ഇറങ്ങി ഇടറോഡിലൂടെ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് എത്തണം. പാലക്കാട് കോയമ്പത്തൂര്‍ റെയില്‍വെപാതയിലെ പ്രധാന സ്റ്റേഷനായിട്ടും കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്റെ ദേശീയ പാതയില്‍ നിന്നുമുള്ള പ്രവേശന കവാടത്തില്‍ സൂചനാ ബോര്‍ഡുകളില്ലാത്തത് പല യാത്രക്കാരെയും വട്ടം കറക്കുകയാണ്. ഇവിടെ ദിശാ ബോര്‍ഡ് സ്ഥാപിക്കേണ്ട കാര്യത്തില്‍ റെയില്‍വെക്കും ദേശീയ പാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരുമ്പോള്‍ ദുരിതത്തിലാവുന്നത് വഴിയറിയാതെ നട്ടം തിരിയുന്ന യാത്രക്കാരാണ്. മാത്രമല്ല സന്ധ്യ മയങ്ങിയാല്‍ പ്രദേശം അന്ധകാരത്തിലാവുന്നത് രാത്രികാലങ്ങളില്‍ ട്രെയിന്‍ ഇറങ്ങി വരുന്നവരെ ദുരിതത്തലാവുന്നുണ്ട്. ഈ സമയങ്ങളില്‍ ദൂര സ്ഥലങ്ങളില്‍ നിന്നും ജോലികഴിഞ്ഞെത്തുന്ന സ്ത്രീകള്‍ ഇത് വഴി ഭയപ്പാടോടുകൂടിയാണ് സഞ്ചരിക്കുന്നത്. ഇവിടുത്തെ വഴി വിളക്കുകള്‍ പ്രകാശിച്ചിട്ട് നാളേറെയായി. കഞ്ചിക്കോട് - സത്രപ്പടി റോഡിലെ വാട്ടര്‍ ടാങ്ക് സ്റ്റോപ്പിലും റെയില്‍വെ സ്റ്റേഷനിലേക്കുമുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന യാത്രക്കാരായ പ്രദേശ വാസികളുടെയും ആവശ്യങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ഉടന്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ജനങ്ങളും യാത്രക്കാരും ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.