നിശ്ശബ്ദത പാലിക്കാം, ശീലിക്കാം

Saturday 16 September 2017 8:48 pm IST

പരിസരങ്ങള്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കും. മനുഷ്യര്‍ സമാധാനം തേടി വനത്തിന്റെ നിശ്ശബ്ദതയിലേക്ക് പോകുന്നത് സര്‍വ്വസാധാരണമത്രേ. വനത്തിലെ നിതാന്ത നിശ്ശബ്ദത മനുഷ്യമനസ്സിന് എന്നും ശാന്തി പ്രദാനം ചെയ്തിരുന്നു. ശാന്തിയില്‍നിന്ന് ബുദ്ധിയും, ബുദ്ധിയില്‍നിന്ന് അറിവും, അറിവില്‍നിന്ന് ഈശ്വര സാമീപ്യവും മുനീശ്വരന്മാര്‍ നേടിയെടുത്തതും വനത്തിലെ നിശ്ശബ്ദതയില്‍ തന്നെ. മനുഷ്യര്‍ ഏറ്റവും നല്ലതെല്ലാം നേടിയെടുക്കുന്നത് നിശ്ശബ്ദതയില്‍ തന്നെ. നിശ്ശബ്ദതയ്ക്ക് വളരെയേറെ സംസാരിക്കാനാകും എന്ന ഒരു ചൊല്ലുമുണ്ടല്ലോ. ഹൃദയത്തിന്റെ ഭാഷയാണ് അവിടെ കൈമാറപ്പടുന്നത്. ഏറ്റവും ഫലവത്തായതും അതുതന്നെ. ഹൃദയം പ്രവര്‍ത്തിക്കാത്തിടത്തുനിന്നാണ് പലപ്പോഴും നാവ് പ്രവര്‍ത്തിച്ചുകാണുന്നത്. അത് നാശത്തിനുമാകും. നമുക്ക് മിണ്ടാതിരിക്കാനും ശീലിക്കാം. എങ്കില്‍ പല പ്രശ്‌നങ്ങളും അവിടെ അവസാനിക്കും. ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പഠിക്കേണ്ട പാഠം നിശ്ശബ്ദതയാണ്. വെറുതെ വായിട്ടലയ്ക്കാതിരിക്കുക. പലരും പറയുന്നതിന്റെയൊക്കെ അര്‍ത്ഥം തിരയാന്‍ ഓക്‌സ്‌ഫോര്‍ഡും ചേമ്പേഴ്‌സുമൊന്നും പോരാതെ വരും. ആശ്രമങ്ങളില്‍ ഒരു മിണ്ടാവ്രതം ഉണ്ട്. ആഴ്ചയില്‍ ഒരുദിവസമെങ്കിലും അധികം സംസാരിക്കാതെയോ ഒന്നും സംസാരിക്കാതെയോ ഇരുന്നു ശീലിക്കുക. ഒരു 25 പേരോടുള്ള വഴക്കും പ്രശ്‌നവും കുറയാന്‍ അത് ഇടയാക്കും. ആശ്രമത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ രാഷ്ട്രീയത്തില്‍ എത്ര വേണമെന്ന് ചിന്തിക്കുക. നമുക്ക് ഈ മിണ്ടാവ്രതം ഒന്ന് പരീക്ഷിക്കാന്‍ കോടിയേരി, ജയരാജന്‍, രാഹുല്‍ജി, ചെന്നിത്തലജീ ഇവരോടൊക്കെ ഒന്നുപറഞ്ഞാലോ? വി. രുക്മിണി ടീച്ചര്‍, ചേര്‍പ്പ്