സിപിഎം സമ്മേളനം മാണിയുമായുളള സഹകരണം; നേതൃത്വം വിയര്‍ക്കും

Saturday 16 September 2017 9:02 pm IST

കോട്ടയം: ജില്ലയിലെ സിപിഎം സമ്മേളനങ്ങളില്‍ മുഖ്യമായും ചര്‍ച്ചയാകുന്നത് ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ കെ.എം. മാണിയുമായുള്ള സഹകരണം. ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയെങ്കിലും ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ വിഷയം കത്തിപ്പടരും. കോട്ടയം ജില്ലാ പഞ്ചായത്തിലും ഏതാനും പഞ്ചായത്തുകളിലും മാണിയും സിപിഎമ്മും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥപാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ പരസ്യമായും രഹസ്യമായും ഇരുപാര്‍ട്ടികള്‍ തമ്മില്‍ കൈകോര്‍ത്തിരുന്നു. ജില്ലാപഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ മാണി അധികാരം പിടിച്ചപ്പോള്‍ പ്രാദേശിക സഹകരണമാണെന്നയായിരുന്നു നേതൃത്വം വിശദീകരിച്ചത്. എന്നാല്‍ നേതൃത്വത്തിന്റെ വിശദീകരണം മുഖവിലക്കെടുക്കാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. ബാര്‍കോഴക്കേസില്‍ സമരം ചെയ്തിട്ട് ആരോപണമുക്തമാകുന്നതിനെ മുമ്പേ മാണിയുമായി എന്തിന് സഹകരിച്ചുവെന്നത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. മാത്രമല്ല മാണി വീണ്ടും യുഡിഎഫുമായി കൂട്ടുകൂടിയാല്‍ പാര്‍ട്ടി അപഹാസ്യരാകുമെന്ന വികാരവും അവര്‍ക്കുണ്ട്. ഇക്കാര്യം ഉയര്‍ത്തി സമ്മേളനങ്ങളില്‍ നേതൃത്വത്തെ നിര്‍ത്തിപൊരിക്കും. സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. മദ്യനയവും സമ്മേളനങ്ങളില്‍ വിശദീകരിക്കേണ്ടി വരും. പ്രത്യേകിച്ച് ജില്ലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ക്രൈസ്തവ സഭകള്‍ മദ്യനയത്തിനെതിരെ ശക്തമായി രംഗത്ത് വന്ന സാഹചര്യത്തില്‍ വിഷയം കത്താനാണ് സാധ്യത. ബാര്‍മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയെന്ന വിമര്‍ശനവും ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്്ക്ക് വഴിവയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലും പൂഞ്ഞാറിലും ഉള്‍പ്പെടെ നേരിട്ട കനത്ത തിരിച്ചടികളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. സമ്മേളനത്തോടെ ജില്ലയില്‍ അവശേഷിക്കുന്ന വിഎസ് പക്ഷത്തിന്റെ വേരുകള്‍ കൂടി ഔദ്യോഗിക പക്ഷം അറത്ത് മാറ്റും. നിലവുളള സെക്രട്ടറി വി.എന്‍.വാസവന്‍ വീണ്ടും സെക്രട്ടറിയാകാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.