പാലത്തിന്റെ കരിങ്കല്‍ തൂണുകള്‍ ഇടിഞ്ഞു

Saturday 16 September 2017 9:06 pm IST

കാഞ്ഞിരപ്പള്ളി: കനത്ത മഴയില്‍ കാലപ്പഴക്കം ചെന്ന പാലത്തിന്റെ കരിങ്കല്‍ തൂണുകള്‍ ഇടിഞ്ഞു തുടങ്ങിയത് അപകടഭീഷണിയായി. കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെ 26-ാം മൈല്‍ പാലത്തിന്റെ കരിങ്കല്‍ തൂണുകളാണ് ഇടിഞ്ഞത്. ഒരു തൂണിന്റെ ഒരു വശത്തെ ഏതാനും കല്ലുകള്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇടിഞ്ഞുവീണിരുന്നു. അടുത്ത തൂണിന്റെ കല്ലുകള്‍ ഇടിയാറായ നിലയിലാണ്. കഴിഞ്ഞ വര്‍ഷം പാലത്തിന് മുകളില്‍ ടാറിങ് പൊളിഞ്ഞ് കുഴി രൂപപ്പെട്ടിരുന്നു. ഇതു പിന്നീട് പൊതുമരാമത്ത് വകുപ്പ് അടച്ചെങ്കിലും അത്രയും ഭാഗം താഴ്ന്ന നിലയിലാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലം പുതുക്കി പണിയണമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത വിധം പാലം ബലക്ഷയത്തിലാണോ എന്ന് ഇന്ന് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. പഴക്കമുള്ള പാലം പുതുക്കി പണിയാന്‍ കഴിഞ്ഞ വര്‍ഷം എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അനുവദിച്ചു കിട്ടിയില്ലെന്നും വീണ്ടും കഴിഞ്ഞ മാസം സര്‍ക്കാരിന്റെ പാലം പുനരുദ്ധാരണ പദ്ധതികളില്‍പെടുത്തി ആവശ്യമായ അറ്റകുറ്റ പണികള്‍ക്ക് ഭരണാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.