തിരുവനന്തപുരം: കേരളത്തിലെ ടൂറിസം – ഐടി മേഖലകളുടെ വികസനത്തിന് വേഗതയില്ലെന്ന് കേന്ദ്ര-ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് ഐടി മേഖലയില്‍ മുന്‍പന്തിയിലായിരുന്ന കേരളം ഇന്ന് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നിരവധി ടൂറിസം പദ്ധതികളും അനുവദിച്ചിട്ടുണ്ട്. ധാരാളം പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശ്യവുമുണ്ട്. എന്നാല്‍ അനുവദിക്കപ്പെട്ടവ പെട്ടെന്ന് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വീണ്ടും പണം അനുവദിക്കാനാകൂ. ഇക്കാര്യം മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പു വരുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വില വര്‍ദ്ധന ഉള്‍പ്പടെയുള്ളവയില്‍ നിന്ന് കിട്ടുന്ന പണം ഇതിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയം, മദ്യം ഇവ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കും. രാജ്യത്ത് വിലക്കയറ്റം നാലുശതമാനം മാത്രമാണ്. ഇത് റിസര്‍വ്വ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാള്‍ അരശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: