ബിഎസ്പി നേതാവിന്റെ കൊലപാതകം; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

Saturday 16 September 2017 10:04 pm IST

ഘാസിയാബാദ്: ബിഎസ്പി നേതാവും വ്യവസായിയുമായ ദീപക് ഭരദ്വാജിനെ കൊന്ന കേസില്‍ വ്യാജ സിദ്ധന്‍ പ്രതിഭാനന്ദ് അറസ്റ്റില്‍. ഘാസിയാബാദ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഘാസിയാബാദ് പോലീസാണ് ഇയാളെ പിടികൂടിയത്. പ്രതിഭാനന്ദിനെ ദല്‍ഹി പോലീസിന് കൈമാറുമെന്ന് ജില്ലാ പോലീസ് മേധാവി അശോക് തോമര്‍ പറഞ്ഞു. 2013 മാര്‍ച്ച് 26ന് ദല്‍ഹിയിലെ ഫാം ഹൗസിലാണ് ദീപക് ഭരദ്വാജ് വെടിയേറ്റു മരിച്ചത്. ഏകദേശം 600 കോടിയുടെ വ്യവസായ സാമ്രാജ്യത്തിനുടമയായിരുന്ന ഇദ്ദേഹത്തെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത് മചേന്ദ്രനാഥ് എന്ന പ്രതിഭാനന്ദ് ആണ്. ദീപക്കിന്റെ ഇളയ മകന്‍ നിതേഷാണ് പ്രതിഭാനന്ദയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. സ്വത്ത് വീതംവയ്ക്കാത്തതിന്റ പ്രതികാരമായിരുന്നു. ഇതിനായി അഞ്ചു കോടി രൂപ നിതേഷ്, പ്രതിഭാനന്ദയ്ക്ക് നല്‍കി. സംഭവത്തിനു പിന്നാലെ നിതേഷും പുരുഷോത്തം റാണ, സുനില്‍ മന്‍ എന്നീ വാടകക്കൊലയാളികളും പിടിയിലായി. പ്രതിഭാനന്ദിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികവും ദല്‍ഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. അഞ്ചു കോടി രൂപയില്‍ രണ്ടു കോടി രൂപ കൊണ്ട് ആസ്ഥാനം പണിയുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം. മഹാരാഷ്ട്രയിലെ ബീദില്‍ നിന്ന് ചെറുപ്പത്തിലേ ദല്‍ഹിയിലെത്തിയ ഇയാള്‍ക്ക് ആസ്ഥാനം സ്ഥാപിച്ച് ബാബ ചമയാനായിരുന്നു താത്പര്യം. ഇതിനിടെയിലാണ് നിതേഷുമായി കൂട്ടുകൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.