ജനകീയ പങ്കാളിത്തത്തോടെ രണ്ടാംഘട്ടം മത്സ്യ കൃഷി

Saturday 16 September 2017 10:07 pm IST

പാലക്കാട്:ഉള്‍നാടന്‍ മത്സ്യോത്പ്പാദനം വര്‍ധിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന രണ്ടാംഘട്ട ജനകീയ മത്സ്യകൃഷിക്ക് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. മത്സ്യകൃഷി ശാസ്ത്രീയമാക്കുക, സ്ഥലപര മത്സ്യകൃഷി വികസനം, തൊഴില്‍ വര്‍ധിപ്പിക്കുക, ഗുണമേന്മയുള്ള മത്സ്യം ന്യായവിലയ്ക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 50 സെന്റിന് താഴെയുള്ള ചെറിയ കുളങ്ങള്‍ 50 സെന്റിന് മുകളിലുള്ള വലിയ കുളങ്ങള്‍, മാതൃകാ മത്സ്യക്കുളങ്ങള്‍ എന്നിവയില്‍ മത്സ്യകൃഷി നടത്തും. ജില്ലയിലെ മത്സ്യകര്‍ഷക വികസന ഏജന്‍സിക്കാണ് പദ്ധതി നിര്‍വഹണ ചുമതല. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 35 അക്വകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ നിയമിക്കും.വ്യക്തികള്‍,സംഘങ്ങള്‍,സ്വയം സഹായ സംഘങ്ങള്‍,സഹകരണ സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാവാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഗുണഭോക്തൃ പട്ടിക പരിശോധിച്ച് ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി ഗുണഭോക്താക്കളെ നിശ്ചയിക്കും. ശാസ്ത്രീയ കൃഷിരീതി നടപ്പിലാക്കുന്നതിന് കര്‍ഷകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കും. മികച്ച കൃഷിരീതികള്‍ അവലംബിക്കുന്ന കര്‍ഷകരെ കണ്ടെത്തി മത്സ്യകര്‍ഷക അവാര്‍ഡ് നല്‍കും. പദ്ധതിയുടെ മുന്നോടിയായി നടപ്പിലാക്കിയ മത്സ്യസമൃദ്ധി കക പദ്ധതിയില്‍ ജില്ലയിലെ 3833 മത്സ്യകര്‍ഷകര്‍ക്ക് 1.7 കോടി മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു.1278 ഹെക്റ്റര്‍ സ്ഥലത്താണ് പദ്ധതി നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ. സുബൈദ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.