കടുവാഭീതിയില്‍ ചീരാല്‍ ഗ്രാമം;  തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്

Saturday 16 September 2017 10:18 pm IST

ചീരാല്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി ചീരാല്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തി വളര്‍ത്തുമൃഗങ്ങളെ കൊന്നു വിലസുന്ന കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ തുടരുന്നു. കടുവയെ കണ്ട പ്രദേശങ്ങളിലും വ്യാഴാഴ്ച പോത്തിനെ കടുവ പിടികൂടിയ ചീരാല്‍ സ്‌കൂള്‍കുന്ന് പ്രദേശങ്ങളിലുമാണ് ഇന്നലെ തരിച്ചില്‍ നടത്തിയത്. ഇന്നലെ കടുവയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും  രാവിലെ തന്നെ ഈ ഭാഗത്ത് കടുവയുടെ സാനിധ്യം വനംവകുപ്പ് സ്ഥീരികരിച്ചിരുന്നു. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് പ്രദേശത്ത് സാന്നിധ്യം സ്ഥീരികരിച്ചത്. തുടര്‍ച്ചയായുള്ള പുതിയകാല്‍പ്പാടുകള്‍ പ്രദേശത്ത് കണ്ടതിനാലാണ് കടുവ ഈ ഭാഗത്തുണ്ടെന്ന് രാവിലെ തന്നെ വനംവകുപ്പ് ഉറപ്പുവരുത്തിയത്. വ്യാഴാഴ്ച പോത്തിനെ പിടികൂടിയ സ്‌കൂള്‍ കുന്ന് പരിസരത്തെ പൊന്തക്കാട്ടിലാണ് കടുവ താവളമാക്കിയിരിക്കുന്നതെന്നും സംശയിക്കുന്നു. മയക്കുവെടിവെക്കാതെ കൂട്ടിലകപ്പെടുത്താനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. ആളുകളുടെ സാമീപ്യമുണ്ടായാല്‍ കടുവപ്രേദശത്തുനിന്നും മറ്റിടങ്ങളിലേക്ക് മാറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളെ ഈ ഭാഗത്തേക്ക് അടുപ്പിക്കാതെ വനംവകുപ്പ് ജീവനക്കാര്‍ പ്രദേശം നീരീക്ഷിച്ചുവരുകയാണ്. ഇന്നലെ പകല്‍മുഴുവന്‍ മഴയായതിനാലും വനംവകുപ്പ് ജാഗ്രതനിര്‍ദ്ദേശം നല്‍കിയതിനാലും   ജനങ്ങള്‍ കാര്യമായി പുറത്തിറങ്ങാതിരുന്നത് വനംവകുപ്പിന്റെ തിരച്ചിലിനെയും സഹായിച്ചു. വെള്ളിയാഴ്ച കടുവ ദൗത്യസംഘത്തിന്റെ മുന്നില്‍ പെട്ടെങ്കിലും ജനങ്ങള്‍ ഒപ്പമുള്ളതിനാലും മറ്റ് കാരണങ്ങളാലും മയക്കുവെടിവെയ്ക്കാന്‍ സാധിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ കടുവകള്‍ തമ്മിലുള്ള അടിപിടിയില്‍ ആവാസവ്യവസ്ഥയില്‍നിന്നും പുറത്താക്കപ്പെടുമ്പോഴോ, പരുക്കേല്‍ക്കുകയോ ചെയ്യുമ്പോഴാണ് ജനവാസകേന്ദ്രങ്ങളിലെത്തി വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുള്ളത്. നിലവില്‍ ചീരാല്‍ പ്രേദശങ്ങളില്‍ ഭീതിപരുത്തുന്ന കടുവ ആണാണോ പെണ്ണാണന്നോ പരിക്കേറ്റതാണോ തുടങ്ങിയ വിശദാംശങ്ങളൊന്നും വനംവകുപ്പിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വെള്ളിയാഴ്ച കടുവ വനംവകുപ്പ് തിരച്ചില്‍ സംഘത്തിന്റെ മുന്നില്‍പെട്ടപ്പോഴെല്ലാം വളരെ പതുക്കെയാണ് ഓടിമറിഞ്ഞത്. ഇതിനാല്‍ തന്നെ പരിക്കേറ്റിട്ടുണ്ടോ എന്നും സംശിയക്കുന്നുണ്ട്. ഇന്നലെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ റെയിഞ്ച് ഓഫിസര്‍മാര്‍ നേതൃത്വം നല്‍കുന്ന അഞ്ചു പേരടങ്ങുന്ന നാലു സംഘങ്ങളായാണ് കുടവയാക്കായി തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച തിരച്ചില്‍ അവസാനിപ്പിച്ച സംഘം വൈകിട്ട് മൈക്കിലൂടെ ജാഗ്രതനിര്‍ദ്ദേശം നല്‍കുകയും രാത്രിയിലും പുലര്‍ച്ചെയും പട്രോളിംഗും ശക്തമാക്കുകയും ചെയ്തു. ഇന്നലെ രാത്രിയും പ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു. വന്യജീവസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സജാന്‍, ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററനറി സര്‍ജന്‍ ഡോ.അരുണ്‍സക്കറിയ, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ കെ ആര്‍ കൃഷ്ണദാസ്, അജയ്‌ഘോഷ്, ആശാലത, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘങ്ങള്‍ പഴൂരിലെ ഫോറസ്റ്റ സ്റ്റേഷന്‍ ഓഫിസില്‍ ക്യാംപ് ചെയ്യുകയാണ്. രാത്രിയും കടുവ കൂട്ടിലകപ്പെട്ടില്ലങ്കില്‍ തിരച്ചില്‍ ഇന്നും തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.