പതിനാലു വയസ്സുകാരിക്ക് വിവാഹം വരനും ബന്ധുക്കളും പിടിയില്‍

Saturday 16 September 2017 10:25 pm IST

പത്തനാപുരം: പതിനാലു വയസ്സുകാരിയെ വിവാഹം കഴിച്ച വരനും ബന്ധുക്കളും പോലീസ് പിടിയില്‍. പാടം കിഴക്കേ വെള്ളംതെറ്റി ഗിരിജന്‍ കോളനി നിവാസി രാജേഷ് (24), വരന്റെയും, പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ എന്നിവരെയാണ് പത്തനാപുരം പോലീസ് പിടികൂടിയത്. ചെമ്പനരുവി മുള്ളുമല ഗിരിജന്‍ കോളനി നിവാസിയായ പെണ്‍കുട്ടിയാണ് ശൈശവ വിവാഹത്തിനിരയായത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് വരന്‍. രണ്ട് മാസം മുന്‍പ് ക്ഷേത്രാചാരപ്രകാരം ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹം നടന്നത്. സംശയം തോന്നിയ നാട്ടുകാര്‍ അലിമുക്ക് വാര്‍ഡംഗത്തിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരമാണ് പത്തനാപുരം പോലീസ് കേസെടുത്തത്. പുനലൂരെ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഇവര്‍ മാസങ്ങളായി ഇരുവീട്ടുകാരുടെയും അറിവോടെ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ജുലൈ പന്ത്രണ്ടുമുതല്‍ ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതാണ് അയല്‍വാസികളില്‍ സംശയം ജനിപ്പിച്ചത്. അലിമുക്ക് വാര്‍ഡ് മെമ്പര്‍ തിരുവനന്തപുരം ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അന്വേഷിച്ച് ബോധ്യപ്പെട്ടശേഷം പത്തനാപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരവും, ശൈശവവിവാഹ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടി ഗര്‍ഭിണിയാണോയെന്ന് അറിയാന്‍ വൈദ്യപരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.