കറ്റിയാട് സിപിഎം അക്രമം; വൃദ്ധനുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

Saturday 16 September 2017 11:03 pm IST

കണ്ണവം: കോളയാട് ഗ്രാമ പഞ്ചായത്തിലെ കൊമ്മേരിക്കടുത്ത് കറ്റിയാട് സിപിഎം അക്രമത്തില്‍ വൃദ്ധനുള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. ബിജെപി പ്രവര്‍ത്തകരായ മാങ്ങാടന്‍ ചന്ദ്രന്‍(61), അനൂപ് രാജു(29), മാങ്ങാടന്‍ സന്തോഷ്(37)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അക്രമം. ഈ മേഖലയില്‍ നിന്നും അടുത്ത കാലത്തായി നിരവധി സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നു. കഴിഞ്ഞദിവസം ഈ മേഖലയില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണജയന്തി ദിവസം തന്നെ സിപിഎം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. വെള്ളിയാഴ്ച ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം യോഗം കഴിഞ്ഞ് വാഹനങ്ങളില്‍ പോവുകയായിരുന്ന പ്രവര്‍ത്തകരെ റോഡില്‍ തടഞ്ഞിട്ട് വാഹനത്തില്‍ നിന്നും വലിച്ചറിക്കി കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഇരുഭാഗത്തും വാഹനമിട്ട് തടഞ്ഞായിരുന്നു അക്രമം. അക്രമത്തെ തുടര്‍ന്ന് ചന്ദ്രന്‍ ബോധരഹിതനായപ്പോള്‍ അക്രമികള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ബഹളം വെച്ചപ്പോഴാണ് തടസ്സം മാറ്റി ചന്ദ്രനെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അറുപതോളം വരുന്ന സിപിഎം സംഘത്തില്‍ ഏതാനും സ്ത്രീകളും ഉണ്ടായിരുന്നു. പരിക്കേറ്റ ചന്ദ്രനും സന്തോഷും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഈ മേഖലയില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ക്രിമിനലുകളായ പ്രിയന്‍, ജോജി, റെനി, രമേശന്‍, പി.കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി മണ്ഡലം പ്രസിഡണ്ട് പി.രാജന്‍ എം.വി.ശശിധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.