ശ്രീകണ്ഠപുരം നഗരസഭാ സ്‌റ്റേഡിയം നിര്‍മ്മാണം പാതിവഴിയില്‍

Sunday 17 September 2017 9:42 pm IST

ശ്രീകണ്ഠപുരം: നഗരസഭാ സ്റ്റേഡിയം നിര്‍മാണം പാതിവഴിയില്‍. കോട്ടൂരില്‍ രണ്ടുവര്‍ഷം മുമ്പ് ശ്രീകണ്ഠപുരം നഗരസഭാ സ്‌റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുക്കുകയും വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് നിര്‍മാണപ്രവൃത്തികള്‍ നടത്താത്തതിനാല്‍ രണ്ടു വര്‍ഷമായി കാടുകയറിയ നിലയിലാണ് ഈ കളിസ്ഥലം. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം മാനിച്ചാണ് നഗരസഭാ സ്റ്റേഡിയം ഇവിടെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, ഈ കളിസ്ഥലം കോട്ടൂരില്‍ എന്തിനാണ് നിര്‍മ്മിച്ചത് എന്ന് കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് പോലും അറിയില്ല. ഉദ്ഘാടനം പോലും കൃത്യതയോടെയല്ല നടത്തിയിട്ടുള്ളതെന്നും ശ്രദ്ധേയമായ കാര്യമായി ചൂണ്ടിക്കാട്ടുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് പൂര്‍ണമായ അവഗണനയിലാണ് കളിസ്ഥലം. ഉപയോഗിക്കാതിരുന്നതിനാല്‍ വളരെ പെട്ടെന്നുതന്നെ കാടുകയറിയ സ്ഥലത്തേക്ക് കുട്ടികള്‍ പോലും തിരിഞ്ഞുനോക്കാറില്ല. അതുകൊണ്ട് തന്നെ സാമൂഹ്യവിരുദ്ധരുടെ താവളമായി സര്‍ക്കാര്‍ കളിസ്ഥലം മാറിയിരിക്കുകയാണെന്നും രാത്രികാലങ്ങളില്‍ കൂട്ടംകൂടിയെത്തുന്ന സാമൂഹ്യവിരുദ്ധര്‍ സമീപവാസികള്‍ക്ക് ശല്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി കാടുമൂടിക്കിടക്കുന്നു കളിസ്ഥലം ധാരാളം വീടുകള്‍ നിറഞ്ഞ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. കാടുമൂടിക്കിടക്കുന്ന ഒരു കളിസ്ഥലം സമീപത്തുള്ളതുകൊണ്ട് വളരെ ഭീതിയോടെയാണ് നാട്ടുകാരും സമീപവാസികളും നോക്കിക്കാണുന്നത്. ഉപദ്രവകാരികളായ ജീവികളുണ്ടെന്ന സംശയത്താല്‍ മാതാപിതാക്കള്‍ കുട്ടികളെ ഈ ഭാഗത്തേക്ക് ഒറ്റയ്ക്കയക്കാന്‍ പോലും ഭയപ്പെടുന്നു. നാട്ടുകാരുടെ നന്മയ്ക്കും നഗരസഭയുടെ കീഴിലുള്ള ജനതയുടെ കായികപരമായ കഴിവുകളുടെ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് ശ്രീകണ്ഠപുരം കോട്ടൂരില്‍ നഗരസഭാ സ്‌റ്റേഡിയം നിര്‍മാണം തുടങ്ങിയത്. എന്നാല്‍ നിര്‍മ്മാണ സമയത്തുണ്ടായ കാര്യക്ഷമത പിന്നീടങ്ങോട്ട് അധികൃതര്‍ കാണിച്ചിട്ടില്ലെന്നാണ് വാസ്തവം. സംസ്ഥാന, ദേശീയ കായികതാരങ്ങള്‍ വളര്‍ന്നുവന്ന മലയോരപ്രദേശത്ത് ഒരുപാട് കായികപരമായ പുരോഗമനങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമായിരുന്ന കളിസ്ഥലമായിരുന്നു നഗരസഭ സ്റ്റേഡിയം. എന്നാല്‍, അധികൃതരുടെ നിസ്സംഗതാ മനോഭാവം മൂലം നഷ്ടമായത് ഒരു പ്രദേശത്തിന്റെ കായിക സ്വപ്‌നങ്ങളായിരുന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ എങ്ങനെയെല്ലാം നശിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമാണ് ശ്രീകണ്ഠാപുരം നഗരസഭ സ്‌റ്റേഡിയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.