സംഹാരതാണ്ഡവമാടി പേമാരി

Sunday 17 September 2017 9:53 pm IST

തൊടുപുഴ/കട്ടപ്പന: കനത്തമഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. നാല് ഡാമുകള്‍ തുറന്നു. നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ജില്ലയിലൂടെ കടന്നുപോകുന്ന രണ്ട് ദേശീയപാതകളിലും ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ ചെറിയ അണക്കെട്ടുകളാണ് തുറന്നത്. മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്‍മുടി അണക്കെട്ടുകളാണ് തുറന്ന ത്. രണ്ടാം മൈലില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പെരുവന്താനം നാല്‍പതാംമൈലിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. അമലഗിരിക്ക് സമീപവും റോഡിന്റെ വശമിടിഞ്ഞു. കുഞ്ചിത്തണ്ണിയ്ക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായി. മൂന്നാറിലെ റോഡുകളില്‍ വെള്ളം നിറഞ്ഞത് ഗതാഗതത്തിനും ബുദ്ധിമുട്ട് സൃഷ്ടിച്ചു. ദേശീയപാതയില്‍ തന്നെ ടാറ്റാ ടീ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിന് സമീപത്തുള്ള റോഡ് വെള്ളത്തില്‍ മുങ്ങിയത് കാല്‍നടക്കാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. കല്ലാര്‍കുട്ടി-രാജാക്കാട് റോഡില്‍ ശല്യാംപാറയിലും, പൊന്‍മുടിയിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പൊന്‍മുടി തൂക്കുപാലം റോഡില്‍ മണ്ണിടിഞ്ഞു. റോഡ് അപകട ഭീഷണിയിലായി. സംരക്ഷണഭിത്തി ഇടിഞ്ഞു ചെറുതോണി: ചെറുതോണി അണക്കെട്ടില്‍ നിന്നും ഇടുക്കി ആര്‍ച്ച് ഡാമിലേയ്ക്കുള്ള റോഡില്‍ വൈശാലി ഗുഹയ്ക്ക് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. അപക ടത്തെ തുടര്‍ന്ന് നാല് മുതല്‍ സന്ദര്‍ശകര്‍ക്ക് പാസ് നല്‍കുന്നത് നിറുത്തി വയ്ക്കുകയും ബഗ്ഗികാര്‍ സര്‍വ്വീസ് നിറുത്തി വയ്ക്കുകയും ചെയ്തു. തടിയംപാട് പണിക്കുഴിയില്‍ നാസറിന്റെ വീടിന് സമീപം കട്ടിങ് ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കഞ്ഞിക്കുഴി കീരിത്തോടിന് സമീപം രണ്ടിടത്ത് റോഡിലേയ്ക്ക് മരം വീണ് ഗതാഗതം ഒരുമണിക്കൂര്‍ തടസപ്പെട്ടു. നാട്ടുകാര്‍ ഇടപെട്ട് മരം മുറിച്ച് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.