മഴ ദുരിതം

Sunday 17 September 2017 10:28 pm IST

കൊച്ചി: കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ കനത്ത നാശനഷ്ടം. കടല്‍ തിരമാലകളില്‍പ്പെട്ട് കൊച്ചി അഴിമുഖത്തിനടുത്ത് മത്സ്യ ബന്ധന ബോട്ട് മുങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിലായി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ചിലയിടങ്ങളില്‍ വൈദ്യുതിക്കമ്പിയില്‍ മരം വീണ് വൈദ്യുതി തടസ്സവുമുണ്ടായി. കാക്കനാട് ഇന്‍ഫോ പാര്‍ക്കും വെള്ളത്തിലായി. മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ കൊച്ചി നഗരവും പരിസരങ്ങളും വെള്ളത്തിലായി. നഗരത്തിലെ പ്രധാന ജംങ്ഷനുകളെല്ലാം വെള്ളം കയറിയതോടെ ഗതാഗതവും താറുമാറായി. താണ പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം മരം റോഡിലേക്ക് കടപുഴകി വീണു. വൈദ്യുതി ലൈന്‍ ഇല്ലാത്ത ഭാഗത്തേക്ക് വീണതിനാല്‍ വന്‍ അപകടം ഒഴിവായി. സ്വകാര്യ കേബിള്‍ ശൃംഖലയ്ക്ക് കേടുപാടുണ്ടായി. കാനന്‍ഷെഡ് റോഡില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഫോര്‍ട്ട് കൊച്ചി മേഖലകയിലെ പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിലായി. ഞായറാഴ്ച്ച അവധിയായിരുന്നിട്ട് കൂടി ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തുടര്‍ന്നു. നോര്‍ത്ത്- സൗത്ത് റെയില്‍വെ സ്റ്റേഷനിലും വെള്ളക്കെട്ട് പ്രതിസന്ധിയുണ്ടാക്കി. റെയില്‍പ്പാളങ്ങളില്‍ വെള്ളം കയറിയെങ്കിലും ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല. രാത്രി വൈകിയും മഴ തുടര്‍ന്നാല്‍ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടികുറയ്ക്കേണ്ടി വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചന നല്‍കി. എറണാകുളം മേനകയില്‍ ശ്രീധര്‍ തീയേറ്ററിനു സമീപം ബ്രോഡ്വേയിലേക്കുള്ള പ്രവേശന റോഡിലുണ്ടായ വെള്ളക്കെട്ടില്‍ ജനങ്ങള്‍ വലഞ്ഞു. ഓടയിലെ നീരൊഴുക്കു നിലച്ചതോടെ മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകി. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന ഇവിടുത്തെ കാനകളില്‍ നിന്ന് മാലിന്യം കോരി കളയണമെന്ന നിര്‍ദേശം ഇക്കുറിയും കോര്‍പ്പറേഷന്‍ അവഗണിച്ചു. വഴിയോര കച്ചവടക്കാരും ഇതോടെ ദുരിതത്തിലായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സമീപപ്രദേശങ്ങളിലും പ്രധാനറോഡുകളിലും വെള്ളം ഉയര്‍ന്നതോടെ യാത്രക്കാരും ജീവനക്കാരും ദുരിതത്തിലായി. ടൗണ്‍ ഹാളിന് പരിസരങ്ങളിലും റോഡുകളില്‍ വെള്ളം നിറഞ്ഞു. ടൗണിലെ നോര്‍ത്ത് ഭാഗത്താണ് ഏറ്റവും കൂടുതല്‍ വെള്ളക്കെട്ട് ഉണ്ടായത്. രണ്ട് ദിവസം മഴ ശക്തമായി തുടര്‍ന്നതോടെ പൂര്‍ണണമായും പ്രദേശം വെള്ളത്തിനടിയിലായി. സെന്റ് വിന്‍സെന്റ് റോഡ്, പ്രൊവിഡന്‍സ് റോഡ്, മോണാസ്ട്രി റോഡ് തുടങ്ങിയ റോഡുകള്‍ വെള്ളത്തിലാണ്. ജഡ്ജസ് അവന്യു, ഹൈക്കോര്‍ട്ട് ജംങ്ഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്കുള്ള റോഡ് തുടങ്ങിയ വഴികളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ പെയ്ത് വെള്ളം കയറിയതിനാല്‍ റോഡിലെ കുഴികളില്‍പ്പെട്ട് ഇരുചക്ര വാഹന യാത്രികള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. മണപ്പാട്ടി പറമ്പ് റോഡ്, ശാസ്താ ടെമ്പിള്‍ റോഡ്, പൊറ്റക്കുഴി, എളമക്കര വഴി ഇടപ്പളളിയില്‍ എത്തുന്ന റോഡ്, തുടങ്ങിയ റോഡുകളും വെള്ളത്തിലായി. വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് തിരിയുന്ന ഇട റോഡിലും സമീപത്തെ ഇട റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. പൊന്നുരുന്നി, പൈപ്പ്ലൈന്‍ റോഡ്, ആര്യപാടം, ചക്കാല പറമ്പ്, പുതിയ റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, വല്ലാര്‍പാടം, തോപ്പുംപടി,കറുകപ്പിള്ളി, ദേശീയപാതയിലെ വിവിധഭാഗങ്ങള്‍, കലാഭവന്‍ റോഡ്, ജഡ്ജസ് അവന്യൂ, തുടങ്ങിയ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മട്ടാഞ്ചേരി: ഇടതടവില്ലാതെയുള്ള മഴ പശ്ചിമകൊച്ചിയെവെള്ളക്കെട്ടിലാക്കി. നഗരത്തിലെ റോഡുകള്‍' വെള്ളക്കെട്ടിലായപ്പോള്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും നിരത്തുകളെ ഒഴിവാക്കിയത് ഹര്‍ത്താല്‍ പ്രതീതിയുളവാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ വെള്ളത്തിലായതോടെ പലരും ബന്ധുവീടുകളിലേയ്ക്ക് മാറി. പശ്ചിമകൊച്ചിയില്‍ 400 ഓളം വീടുകളില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചു.മഴ തുടരുന്നതോടെ അധികൃതരും ജനങ്ങളും ഭയാശങ്കയിലാണ് തീരദേശങ്ങളില്‍ ശക്തമായ കടല്‍കയറ്റവും താമസക്കാരെ ആശങ്കയിലാഴ്ത്തുന്നു. കളമശ്ശേരി: ബിനാനി പുരത്ത് മരം കടപുഴകി വീണു. ബിനാനിപുരം റോഡില്‍ ഗതാഗത തടസ്സമുണ്ടായി. ഏലൂര്‍, ആലുവ അഗ്‌നി രക്ഷാ നിലയങ്ങളുടെ സംയുക്തമായ ശ്രമത്തില്‍ മരം മുറിച്ചുനീക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.