സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം: സുമിത്ര മഹാജന്‍

Sunday 17 September 2017 11:39 pm IST

കൊച്ചി: സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും കരുത്തും സ്ത്രീകള്‍ക്കുണ്ടെന്നും അതിനായി അവര്‍ മുന്നിട്ടിറങ്ങണമെന്നും ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച മാതൃശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പലകാര്യങ്ങളിലും പുരുഷന്മാരേക്കാള്‍ ധൈര്യം കാട്ടുന്നവരാണ് സ്ത്രീകള്‍. സ്ത്രീകള്‍ക്ക് ഒട്ടേറെ കഴിവുകളുണ്ട്. അത് ഈ സമൂഹത്തിനായിക്കൂടി വിനിയോഗിക്കണം. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയണം. തെറ്റായ രീതിയില്‍ ഭര്‍ത്താവ് പണം സമ്പാദിച്ചാല്‍പ്പോലും അത് തെറ്റാണെന്ന് പറയാന്‍ കഴിയുന്നവരായിരിക്കണം സ്ത്രീകള്‍. സ്ത്രീകള്‍ പുരുഷന്മാരുടെ പിന്നിലല്ല നില്‍ക്കേണ്ടത്. അവരോടൊപ്പം തന്നെ നിന്ന് മുന്നോട്ടുപോകാന്‍ കഴിയണം. തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ സംവരണം കൊണ്ടുവന്നപ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞു. ക്ഷേത്രശക്തി നവരാത്രി പതിപ്പ് മാതൃസമിതി രക്ഷാധികാരി പ്രൊഫ. വി.ടി. രമയ്ക്ക് നല്‍കി സുമിത്ര മഹാജന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശാന്ത എസ്. പിള്ള ആധ്യക്ഷം വഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പൊന്നമ്മ പിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തിരുവനന്തപുരം ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, സീമാ ജാഗരണ്‍ അഖില ഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ എന്നിവര്‍ പ്രഭാഷണം നടത്തി. സുശീല ജയന്‍, ലക്ഷ്മി ശ്രീനിവാസ്, ഡോ.എന്‍.സി. ഇന്ദുചൂഡന്‍, പ്രൊഫ. പി.എം. ഗോപി, ഡോ. ശ്രീഗംഗ, ശാന്ത എസ്.പണിക്കര്‍, ഡോ. വിജയരാഘവന്‍, നാരായണന്‍ കുട്ടി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീലാമേനോന്‍, തങ്ക കുഞ്ഞമ്മ എന്നിവരെ മാതൃസമിതി വീട്ടിലെത്തി ആദരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് മാതൃ സമിതി പ്രവര്‍ത്തകരാണ് പരിപാടിക്കെത്തിയത്. മലയാളത്തില്‍ പ്രസംഗിച്ച് സുമിത്ര; കൈയ്യടിച്ച് സദസ്സ് കൊച്ചി: 'വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളേ...കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാരേ... കേരളക്ഷേത്ര സംരക്ഷണ സമിതിയുടെ ഭാഗമായ മാതൃസമിതിയിലെ എന്റെ സ്വന്തം സഹോദരിമാരേ... നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഇവിടെ വന്ന് നിങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു.' ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ മലയാളത്തിലുള്ള ഒഴുക്കോടെയുള്ള പ്രസംഗം കേട്ട് സദസ്സില്‍ നിന്ന് നിലയ്ക്കാത്ത കൈയ്യടി. കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച മാതൃശക്തി സംഗമം ഉദ്ഘാടനം ചെയ്താണ് സുമിത്ര മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങിയത്. തുടക്കത്തില്‍ ഏറെ നേരം എഴുതി തയ്യാറാക്കിയ മലയാളം പ്രസംഗിച്ച ശേഷം ഏറെയും ഹിന്ദിയിലായിയിരുന്നു സംസാരിച്ചത്. ഒടുവില്‍, പ്രസംഗം അവസാനിപ്പിക്കാന്‍ സമയത്തും സ്പീക്കര്‍ മലയാളത്തെ കൂട്ടുപിടിച്ചു. തുളസീദാസിന്റെയും കെ. കേളപ്പന്റെയും ജീവിതത്തെ ആസ്പദമാക്കിയായിരുന്നു പ്രസംഗിച്ചതിലേറെയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.