മഴ പ്രളയം

Monday 18 September 2017 8:08 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാലക്കാട് ഉരുള്‍പൊട്ടലില്‍ കുട്ടി മരിച്ചു. മൂന്നാം ക്ലാസുകാരി ആതിരയാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കോട്ടയം-ചങ്ങനാശേരി റെയില്‍പാളത്തില്‍ ചിങ്ങവനത്ത് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും പുനഃസ്ഥാപിച്ചു. മലയോര-തീരമേഖലയിലേക്കു പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. 21 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്്്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അണക്കെട്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പാലക്കാട് , മലപ്പുറം, വയനാട്, കോഴിക്കോട്്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വലിയ നാശനഷ്ടം. പാലക്കാട് അട്ടപ്പാടി ആനക്കല്ലിലും ജെല്ലിപ്പാറയിലുമാണ് ഉരുള്‍പൊട്ടിയത്. വ്യാപകമായ കൃഷിനാശവും ഉണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിന് സമാനമായ മലവെള്ളപ്പാച്ചിലും പലയിടത്തുണ്ടായി. പാലക്കാട് അട്ടപ്പാടി റൂട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലും മണ്ണിടിഞ്ഞു. കോഴിക്കോട് താമരശേരി, കുറ്റ്യാടി ഭാഗങ്ങളിലും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മലയോരതീരദേശത്ത് പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വെള്ളകെട്ടു മൂലം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ കനത്ത നാശനഷ്ടം. പ്രക്ഷുബ്ദമായ കടല്‍ തിരമാലകളില്‍പ്പെട്ട് കൊച്ചി അഴിമുഖത്തിനടുത്ത് മത്സ്യ ബന്ധന ബോട്ട് മുങ്ങി. ബോട്ടിലെ പത്ത് തൊഴിലാളികളെ സമീപത്തെ മറ്റു ബോട്ടുകാര്‍ രക്ഷപ്പെടുത്തി. പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് കടലില്‍ മുങ്ങിയത്. ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് അപകടം. കുളച്ചല്‍ സ്വദേശി ഷീലന്റെ ഉടമസ്ഥതയിലുള്ള ഗാകുല്‍ദായെന്ന ഗില്‍നെറ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിലായി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ചിലയിടങ്ങളില്‍ വൈദ്യുതിക്കമ്പിയില്‍ മരം വീണ് വൈദ്യുതി തടസ്സവുമുണ്ടായി. കാക്കനാട് ഇന്‍ഫോ പാര്‍ക്കും വെള്ളത്തിലായി. വ്യാഴം വരെ മഴ തിരുവനന്തപുരം: സംസ്ഥാനത്ത്് വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും കാത്തുനില്‍ക്കുന്ന മഴമേഘങ്ങള്‍ പെയ്തിറങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്്. രാജ്യമെങ്ങും മണ്‍സൂണ്‍ ഒരു വട്ടം കൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. തളിപ്പറമ്പില്‍ ആറ് സെന്റിമീറ്ററും വൈത്തിരിയില്‍ അഞ്ച് സെന്റിമീറ്ററും മഴ പെയ്തു. തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂര്‍, കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളില്‍ ഒന്നു മുതല്‍ രണ്ട് വരെ സെന്റിമീറ്റര്‍ മഴ പെയ്തു. 35 വര്‍ഷത്തിന് ശേഷം കേരളത്തില്‍ ഏറ്റവും വലിയ മഴ കുറവായിരുന്നു ഇത്തവണ. ശരാശരി 37 ശതമാനം മഴയുടെ കുറവുണ്ടായി. ഇതുമൂലം വരള്‍ച്ചയുണ്ടാകുമെന്നും കൃഷി, കുടിവെള്ളം, വൈദ്യുതി ഉത്പാദനം തുടങ്ങിയവ വലിയ പ്രതിസന്ധി നേരിടുമെന്നും കരുതി മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രണ്ടാഴ്ചയായി മഴ ഉള്ളതിനാല്‍ മഴക്കുറവ് 16 ശതമായി കുറഞ്ഞു. മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഈ കുറവും പരിഹരിക്കപ്പെടുമെന്നും വളര്‍ച്ചാഭീഷണി ഒഴിയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.