യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണം: സുരേഷ് ഗോപി

Monday 18 September 2017 12:28 pm IST

തിരുവനന്തപുരം: യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് വ്യക്തിപരമായ നിലപാടെന്ന് സുരേഷ് ഗോപി എംപി. ആരുടേയും വക്താവായല്ല നിലപാട്. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നവരാത്രി ദിനത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് അനുവാദം തേടി യേശുദാസ് ക്ഷേത്രം അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും യേശുദാസ് കത്തില്‍ വ്യക്തമാക്കിയിരുന്നു. വിശ്വാസികളായ എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. യേശുദാസിന്റെ ആവശ്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ക്ഷേത്രം ട്രസ്റ്റുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി സ്വകാര്യ ചാനലിനോട് പറഞ്ഞു. അതേസമയം, യേശുദാസിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ക്ഷേത്ര ഭരണസമിതി യോഗം ഇന്ന് തീരുമാനമെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.