മണ്ണാര്‍ഗുഡിയിലെ രാജഗോപാല സ്വാമി ക്ഷേത്രം

Monday 18 September 2017 8:37 pm IST

ഒരുകാലത്ത് സുഗന്ധപൂരിതമായ ചെമ്പകപ്പൂക്കള്‍ ധാരാളമുണ്ടായിരുന്ന ഈ സ്ഥലത്തിന് ചെമ്പകാരണ്യം എന്നും പേരുണ്ട്. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന മണ്ണാര്‍ഗുഡിയിലെ ഈ ക്ഷേത്രം വാസുദേവപുരി, പണ്ടുവാരപതി എന്നും അറിയപ്പെടുന്നു. സ്വയംഭൂസ്ഥലങ്ങളിലെ ഒന്നത്രെ ഇത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് മണ്ണാര്‍ഗുഡി. തഞ്ചാവൂരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ. ബ്രഹ്മാവ,് ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി മന്ത്രം ജപിച്ച് ഇവിടെ തപസ്സനുഷ്ഠിച്ചാണത്രെ മോക്ഷം നേടിയത്. ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ ഗോപിലര്‍, ഗോപിരാലയര്‍ എന്ന രണ്ടു ഋഷിമാര്‍ ഭഗവാന്‍ കൃഷ്ണന്റെ ദര്‍ശനം ആഗ്രഹിച്ചു. ദ്വാരകയില്‍ പോയി കൃഷ്ണനെ നേരിട്ടുകണ്ട് ആഗ്രഹനിവൃത്തി വരുത്തുക എന്ന ഒരു അശരീരി അപ്പോള്‍ കേള്‍ക്കുകയുണ്ടായി. അതനുസരിച്ച് ഋഷിമാര്‍ ഇരുവരും ദ്വാരകയിലേക്ക് യാത്ര ആരംഭിച്ചു. പകല്‍ മുഴുവന്‍ നടക്കും. രാത്രിയില്‍ ഉറങ്ങും. നിത്യകര്‍മ്മാനുഷ്ഠാനങ്ങളും മുറയ്ക്ക് നടത്തും. ഒരു ദിവസം അവര്‍ ധ്യാനത്തിലിരിക്കവെ ദ്വാപരയുഗം അവസാനിച്ചു, കലിയുഗം തുടങ്ങി. ഇതറിയാതെ ധ്യാനശേഷം യാത്ര തുടര്‍ന്ന അവര്‍ യമുനാനദിക്കരയിലെത്തിയപ്പോള്‍ നാരദമഹര്‍ഷിയെ കണ്ടു. നാരദനാണ്, ദ്വാപരയുഗത്തില്‍ ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഭഗവാന്‍ വൈകുണ്ഠത്തിലേക്ക് മടങ്ങി എന്ന കാര്യം ഋഷിമാരെ അറിയിച്ചത്. ഇതുകേട്ട് വിഷണ്ണരായ മുനിമാരെ നാരദന്‍ ആശ്വസിപ്പിച്ചു. ദക്ഷിണദേശത്ത് കാവേരീ നദീതീരത്തെ ചെമ്പകാരണ്യത്തിലെത്തി പുണ്യനദിയായ ഹരിദ്രയുടെ കരയിലിരുന്ന് ധ്യാനിച്ച് ദേവദര്‍ശനമന്ത്രം ഉരുവിടാനും നാരദന്‍ പറഞ്ഞുകൊടുത്തു. ഋഷിമാര്‍ മന്ത്രം ഉരുവിട്ട് ധ്യാനിച്ചിരുന്നു. സംപ്രീതനായ കൃഷ്ണന്‍ ഋഷിമാരോട് എന്ത് ആഗ്രഹമാണ് നിറവേറ്റേണ്ടത് എന്ന് ചോദിച്ചു. കൃഷ്ണന് പ്രധാനപ്പെട്ട 32 ലീലകളും ഇവിടെ ആവര്‍ത്തിക്കണമെന്നായിരുന്നു ഋഷിമാരുടെ ആഗ്രഹം. തേനീച്ചകള്‍ വളരെക്കൂടുതലുള്ള ഈ ദേശത്ത് തേനീച്ചകള്‍ തേനുണ്ണാന്‍ എത്താത്ത ഒരു പൂവും ബാക്കിയുണ്ടാവില്ല. ചെമ്പകപ്പൂവിന്റെ തീവ്രസൗരഭ്യത്താല്‍ തേനീച്ചകള്‍ അവയെ പ്രാപിക്കാറില്ല. അതുകൊണ്ടുതന്നെ പരിശുദ്ധമായ ഈ പുഷ്പങ്ങള്‍ ഭഗവാനെ പൂജിക്കാന്‍ ഉത്തമമാണ്. തന്റെ സൃഷ്ടികളെക്കുറിച്ചോര്‍ത്ത് ബ്രഹ്മാവ് ഏറെ ഊറ്റംകൊണ്ടു. താനാണ് മുമ്പനെന്നും മറ്റെല്ലാവരും തന്നില്‍ താഴെയാണെന്നുമൊക്കെ ചിന്തിച്ച് ഏറെ അഹങ്കരിച്ചു. ബ്രഹ്മാവിന്റെ ഈ വിചിത്രമായ പെരുമാറ്റം അസഹ്യമായപ്പോള്‍ സൃഷ്ടി സംബന്ധമായ കാര്യങ്ങള്‍ എല്ലാം ബ്രഹ്മാവ് മറക്കട്ടെ എന്ന് വിഷ്ണു ശപിച്ചു. ആകെ ഉലഞ്ഞുപോയ ബ്രഹ്മാവ് ഇവിടെ ചെമ്പകാരണ്യത്തില്‍ തപസ്സിരുന്നാണ് ശാപമോക്ഷം നേടിയത്. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം വിഷ്ണു പ്രത്യക്ഷപ്പെട്ട് സൃഷ്ടിക്കാനുള്ള ശക്തി തിരിച്ചു നല്‍കി. ഉടന്‍ സ്വയംഭൂവിമാനം ഉണ്ടാക്കി വാസുദേവനെ ബ്രഹ്മാവ് അവിടെ പ്രതിഷ്ഠിച്ചു. മൂലസ്ഥാനത്തെ പ്രതിഷ്ഠ വാസുദേവര്‍ എന്നറിയപ്പെടുന്നു. ഇരുവശങ്ങളിലുമായി ശ്രീദേവിയും ഭൂദേവിയുമുണ്ട്. രാജഗോപാലസ്വാമിയുടെ വിഗ്രഹം എഴുന്നള്ളിപ്പിന് എടുക്കാറുള്ളതാണ്. പശുവിന് മുന്‍പില്‍ രുക്മിണിയോടും സത്യഭാമയോടും ഒപ്പമാണ് സ്വാമി ഇവിടെ കുടികൊള്ളുന്നത്. വിഷ്ണുവിന്റെ വിഗ്രഹങ്ങളില്‍ ഏറ്റവും ഭംഗിയും ആകര്‍ഷകത്വവുമുള്ള വിഗ്രഹം ഇതത്രെ. കുട്ടിയായ ശ്രീകൃഷ്ണന്‍ വലതുകാല്‍വിരല്‍ വായിലിട്ട് ആദിശേഷന്റെ മുകളില്‍ ശയിക്കുന്ന ഒരു വിഗ്രഹവും ഇതിനടുത്തായുണ്ട്-സന്താന രാജഗോപാലന്‍ എന്നാണ് ഭഗവാനെ വിശേഷിപ്പിക്കുന്നത്. പിച്ചളയില്‍ വാര്‍ത്തെടുത്ത ഈ വിഗ്രഹത്തിന്റെ ഭംഗിയും വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. സന്താന രാജഗോപാലനെ ഭജിച്ചാല്‍ സന്താനസൗഭാഗ്യം നിശ്ചയം. മറ്റൊരു പ്രാകാരത്തില്‍ ദേവി ചെമ്പകവല്ലി തായാര്‍ക്ക് വേറെ സന്നിധാനം ഉണ്ട്. ഹേമാബ്ജ നായകി, രക്താബ്ജനായകി എന്നും ദേവിക്ക് സംസ്‌കൃതത്തില്‍ പേരുണ്ട്. ദേവിയുടെ വലതുവശത്ത് രാജനായകിയും ഇടതുവശത്ത് ദ്വാരനായകിയുമുണ്ട്. ദേവിക്ക് നാല് കൈകളുമുണ്ട്. വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും വിവാഹം നടന്നത് ചെമ്പകാരണ്യത്തില്‍ വച്ചത്രെ. രാമന്‍, സീത, ലക്ഷ്മണന്‍, ഗരുഡാള്‍വാര്‍ എന്നിവര്‍ക്ക് വെവ്വേറെ ചെറിയ സന്നിധികളുണ്ട്. ഭഗവാന്റെ മുമ്പില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഗരുഡസ്തംഭത്തിന് 54 അടി ഉയരമുണ്ട്. ഒറ്റക്കല്ലില്‍ പണി തീര്‍ത്തതാണിത്. പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠ പ്രത്യേകതകള്‍ ഉള്ളതാണ്. ഗരുഡന്റെയും കുതിരയുടെയും രഥങ്ങള്‍ സ്വര്‍ണം പൂശിയതത്രെ. തമിഴ്മാസമായ പങ്കുനിയിലെ (മാര്‍ച്ച്-ഏപ്രില്‍) ബ്രഹ്മോത്സവമാണ് അതിപ്രധാനം. മാശി മാസത്തില്‍ ഊഞ്ഞാല്‍ ഉത്സവമുണ്ട്. ഏഴ് പ്രാകാരങ്ങളുള്ള ക്ഷേത്രത്തിന് 16 ഗോപുരങ്ങളാണുള്ളത്. രാവിലെ 6.30 ന് നട തുറന്ന് ഉച്ചയ്ക്ക് 12 ന് അടയ്ക്കും. വൈകിട്ട് 4.30 ന് തുറന്ന് രാത്രി 9 ന് അടയ്ക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.