ബോട്ട് ജെട്ടിയുടെ ഉയരം യാത്രക്കാര്‍ ദുരിതത്തില്‍

Monday 18 September 2017 9:25 pm IST

പൂച്ചാക്കല്‍: ബോട്ട് ജെട്ടിയുടെ ഉയരക്കൂടുതല്‍ കാരണം യാത്രക്കാര്‍ ദുരിതത്തില്‍. മാക്കേക്കടവ് ഫെറിയിലെത്തുന്ന യാത്രക്കാരാണ് കടത്തു വള്ളത്തില്‍ കയറാനും ഇറങ്ങാനും കഴിയാതെ വലയുന്നത്. കോട്ടയം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് മാക്കേക്കടവ് നേരേകടവ് റൂട്ടില്‍ നേരത്തെ ജങ്കാര്‍ സര്‍വീസ് നടത്തിയിരുന്നു. ഇവിടെ പാലം പണി തുടങ്ങിയതോടെ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. സര്‍വീസ് മുടങ്ങിയതോടെ വൈക്കം, ചെമ്മനാകരി, ഉദയനാപുരം, കോട്ടയം അട്ക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുവാന്‍ പ്രദേശവാസികളടക്കമുള്ള യാത്രക്കാര്‍ കടത്ത് വള്ളത്തെയാണ് ആശ്രയിക്കുന്നത്. ഉദയനാപുരം തൈക്കാട്ടുശേരി പഞ്ചായത്തുകള്‍ ചേര്‍ന്നാണ് യന്ത്രവല്‍കൃത വള്ളത്തില്‍ സൗജന്യ കടത്ത് സര്‍വീസ് ഒരുക്കിയിട്ടുള്ളത്. വള്ളത്തില്‍ കയറാന്‍ യാത്രക്കാര്‍ക്ക് പരസഹായം തേടേണ്ട അവസ്ഥയാണ്. വള്ളവും ഫെറിയിലെ പഴയ ജെട്ടിയുടെ കലുങ്കും തമ്മിലുള്ള ഉയര വ്യത്യാസമാണ് ഇതിന് കാരണം. വള്ളം കെട്ടിയിടാനുള്ള സംവിധാനമില്ലാത്തതിനാല്‍ തുഴ ഉപയോഗിച്ച് വള്ളം തടഞ്ഞുനിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട സ്ഥിതിയാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ജെട്ടിയുടെ ഉയരവ്യത്യാസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു പഞ്ചായത്ത് അധികാരികള്‍ക്കും നിവേദദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് വിമര്‍ശനം. പാലം പണിയോട് അനുബന്ധിച്ചുള്ള നിര്‍മ്മാണ അവശിഷ്ടങ്ങള്‍ അടക്കം ഫെറിയില്‍ ഉപേക്ഷിക്കുന്നതും യാത്രക്കാര്‍ക്ക് ദുരിതമായി മാറുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.