വെറ്ററിനറി ഡോക്ടര്‍മാരോട് എന്തിനീ ക്രൂരത?

Monday 18 September 2017 9:33 pm IST

''എംബിബിഎസ് ഡോക്ടര്‍മാരും ഡെന്റല്‍ ഡോക്ടര്‍മാരും സാധാരണക്കാര്‍ക്ക് അനിവാര്യരാണ്. എന്നാല്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ പൊതുസമൂഹത്തിന് അത്ര അനിവാര്യരൊന്നുമല്ല. എംബിബിഎസുകാരുടെ പിജിയും മറ്റ് ഉന്നത ബിരുദങ്ങളും പൊതുജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാണെങ്കില്‍, വെറ്ററിനറി ഡോക്ടര്‍മാരുടെ ഉന്നത ബിരുദങ്ങള്‍കൊണ്ട് പൊതുസമൂഹത്തിനു പ്രത്യേകിച്ച് നേട്ടം ഒന്നും ഇല്ല (വെറ്ററിനറി പിജി വെറും ചൈനീസ് പിജി യാണെന്ന്). അതുകൊണ്ട് അവര്‍ക്ക് പ്രത്യേക പിജി അലവന്‍സ് ഒന്നും വേണ്ട! ''മെഡിക്കല്‍ അടക്കമുള്ള വിഭാഗങ്ങളുമായി വേതനമടക്കമുള്ള കാര്യങ്ങളിലെ തുല്യതയ്ക്കും (പാരിറ്റി), അംഗീകാരത്തിനും വെറുതെ മുറവിളി കൂട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല. എംബിബിഎസ് ഡോക്ടര്‍മാരുടെയത്ര സാമൂഹിക നിലവാരമോ, അധ്വാനമോ, സമ്മര്‍ദ്ദങ്ങളോ, സാമൂഹികാംഗീകാരമോ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കില്ല. ജോലിയിലെ റിസ്‌ക് അലവന്‍സിനുള്ള ഒരു യോഗ്യതയും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കില്ല, എന്ത് റിസ്‌ക്കാണ് അവര്‍ക്കു ജോലിയില്‍ ഉള്ളത്. അവര്‍ക്ക് നോണ്‍ പ്രാക്ടീസിങ് അലവന്‍സ് തീരെ ആവശ്യമില്ല. കാരണം സദാ സമയം പ്രൈവറ്റ് പ്രാക്ടീസ് നടത്തി കാശുപിടുങ്ങുന്നവരാണ് വെറ്ററിനറി ഡോക്ടര്‍മാര്‍.'' വെറ്ററിനറി സമൂഹവുമായി ബദ്ധശത്രുതയുള്ള ആരോ ഒരാള്‍ എഴുതിവിട്ട വാദഗതികളൊന്നുമല്ല ഇത്. സര്‍ക്കാര്‍ സംവിധാനത്തില്‍ സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടര്‍മാര്‍ നേരിടുന്ന കഠിനമായ അവഗണനയുമായി ബന്ധപ്പെട്ടും, വേതനനിരക്കിലെ വലിയ അസമത്വത്തെ ചൂണ്ടിക്കാണിച്ചും ഡോക്ടര്‍മാരുടെ സര്‍വീസ് സംഘടനകള്‍ സമര്‍പ്പിച്ച നിവേദനവും, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ചില നിര്‍ദേശങ്ങളും പരിഗണിച്ച് ഇക്കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ വിചിത്ര വാദങ്ങളാണ് മുകളില്‍ കുറിച്ചത്. അധികാരം തലയ്ക്കുപിടിച്ച ഏതൊക്കെയോ ഉദ്യോഗസ്ഥന്മാര്‍ കേരളത്തിലെ വെറ്ററിനറി ഡോക്ടര്‍ന്മാരെ താറടിക്കാന്‍ പടച്ചുവിട്ട വാറോലയാണ് മേല്‍പറഞ്ഞ ഉത്തരവ് എന്നതില്‍ സംശയമില്ല. പ്രസ്തുത ഉത്തരവ് ഈ കണ്ടെത്തലുകള്‍ കൊണ്ടൊന്നും തീര്‍ന്നിട്ടില്ല. ആറേഴു പേജ് ഇനിയും ഉണ്ട്, അതി വിചിത്രങ്ങളായ നിഗമനങ്ങള്‍. വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് തികച്ചും അപകീര്‍ത്തികരമായ പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍, കേരള വെറ്ററിനേറിയന്‍സ് സര്‍വീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കരിദിനം ആചരിക്കുകയുണ്ടായി. ഊണും ഉറക്കവുമൊഴിഞ്ഞ്, പകലന്തിയോളം കുന്നും മലയും കയറിയിറങ്ങി, നാടുനീളെ തളര്‍ന്നോടി, മെയ്യും കയ്യും മറന്നു ജോലിചെയ്യുന്ന വെറ്ററിനറി ഡോക്ടര്‍മാരെയാണ് സര്‍ക്കാര്‍ അധ്വാനവും സാമൂഹികനിലവാരവും അംഗീകാരവും ഇല്ലാത്തവരെന്നു മുദ്രകുത്തുന്നത്. ജോലിഭാരത്തിന്റെ കണക്കു കൂട്ടിയാല്‍ ഒരുപക്ഷേ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ക്കു നല്‍കുന്നതിനേക്കാള്‍ ശമ്പളം ആ പഞ്ചായത്തില വെറ്ററിനറി ഡോക്ടര്‍ക്കു നല്‍കേണ്ടി വരും. പ്രസവമെടുക്കല്‍ മുതല്‍ പോസ്റ്റുമോര്‍ട്ടം വരെ അതങ്ങനെ നീണ്ടുകിടക്കുന്നു. തന്റെ എട്ടരമാസം പ്രായമുള്ള കുഞ്ഞിനെ വയറ്റിലുള്ളപ്പോള്‍പ്പോലും, രാത്രിയില്‍ വയനാട്ടിലെ കുന്നുകയറി പശുവിന്റെ പ്രസവമെടുക്കാന്‍ പോയ അനുഭവം മുതിര്‍ന്ന ഒരു വനിതാ ഡോക്ടര്‍ പങ്കുവച്ചതോര്‍ക്കുന്നു. ഇങ്ങനെയെത്രയെത്ര കഠിനാധ്വാനത്തിന്റെ കഥകളാണ് ഓരോ വെറ്ററിനറി ഡോക്ടര്‍ക്കും പങ്കുവയ്ക്കാനുള്ളത്? തീരെ ജൂനിയറായ ഈ ലേഖകന്‍ പോലും അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും പശുവിന്റെ ചാണകത്തിലും മൂത്രത്തിലും രക്തത്തിലും കുളിച്ച് കുന്നുകള്‍ കയറിയിറങ്ങിയതെത്രയാണ്. സമാനതകളില്ലാത്ത ഈ ആത്മാര്‍ത്ഥതയെയാണ് അധികാരത്തിന്റെ അഹന്ത തലയ്ക്കുപിടിച്ച ചില ഉദ്യോഗസ്ഥന്മാര്‍ നിസ്സാരപ്പെടുത്തുന്നത്. ഒരു എംബിബിഎസ് ഡോക്ടര്‍ക്കും ഏതായാലും രോഗിയില്‍നിന്ന് ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഒരുപക്ഷേ ചികിത്സാ പിഴവൊക്കെ ആരോപിച്ചു രോഗിയുടെ ബന്ധുക്കള്‍ ഒന്ന് കൈവച്ചെന്നു വരാം. അതുപോട്ടെ. എന്നാല്‍ അങ്ങനെയാണോ വെറ്ററിനറി ഡോക്ടര്‍മാര്‍? പട്ടിയുടെ കടിയും, പശുവിന്റെ സ്ഥാനത്തും ആസ്ഥാനത്തുമുള്ള ആഞ്ഞുചവിട്ടും കുത്തും ഏല്‍ക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ജീവിതം ഇനിയും ബാക്കി. ഒരു നാടിനെ മുഴുവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തില്‍ മരണപ്പെടുകയും, രാജ്യം ഈയിടെ ധീരതയ്ക്കുള്ള പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങളിലൊന്നായ 'ഉത്തം ജീവന്‍ രക്ഷാ പതക്' മരണാനന്തര ബഹുമതിയായി നല്‍കി ആദരിക്കുകയും ചെയ്ത ഗോപകുമാര്‍ ഡോക്ടറുടെയൊക്കെ രക്തസാക്ഷിത്വം നിങ്ങള്‍ക്ക് ഉദ്യോഗസ്ഥപ്രഭുക്കള്‍ക്ക് നിസ്സാരമായേക്കാം. പേവിഷബാധയും എലിപ്പനിയും ബ്രൂസല്ലോസിസിസ് രോഗവും ആന്ത്രാക്‌സും അടക്കം അനവധി ജന്തുജന്യ രോഗങ്ങളുടെ ഇടയിലാണ് ഒരു വെറ്ററിനറി ഡോക്ടറുടെ ജീവിതം. എത്രതന്നെ മുന്‍കരുതലുകളെടുത്താലും പലപ്പോഴും രോഗാണുക്കള്‍ക്കു മുന്നില്‍ പരാജയപ്പെടുന്നു. ഏറെ മുന്‍കരുതലുകള്‍ എടുത്തിട്ടും അതിമാരകമായ ബ്രൂസല്ലോസിസിസ് രോഗം പിടിപെട്ട ഡോക്ടര്‍മാര്‍ നിരവധിയാണ്? അകാലത്തില്‍ ഗര്‍ഭമലസിപ്പോയ വനിതാ വെറ്ററിനറി ഡോക്ടര്‍മാരുടെ വാര്‍ത്തകള്‍ ഏറെയുണ്ട് ഈ മേഖലയില്‍. വെറ്ററിനറി ഡോക്ടര്‍മാര്‍ക്കിടയിലെ കൂടിയ വന്ധ്യതാ നിരക്കിനെക്കുറിച്ച് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവന്നിട്ടുണ്ട്. സ്വന്തം ജീവിതവും സ്വപ്‌നങ്ങളും പണയംവച്ചുള്ള ഈ ജോലി ഒട്ടും റിസ്‌ക് ഉള്ളതല്ലേ? സര്‍ക്കാരിന്റെ നിസ്സാരമായ ഏതു റിസ്‌ക് അലവന്‍സുകള്‍ക്കാണ് ഒരു വെറ്ററിനറി ഡോക്ടറുടെ ജീവിതത്തെ, അയാളുടെ സ്വപ്‌നങ്ങളെ പകരംകൊടുക്കാന്‍ കഴിയുക? വെറ്ററിനറിയിലെ ഉന്നത പഠനംകൊണ്ട് കാര്യമില്ലെന്നാണോ ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷം? തന്റെ ഹോസ്പിറ്റലിലെ ഏറ്റവും പരിമിതമായ സാഹചര്യത്തില്‍, ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും ചുരുങ്ങിയ സ്റ്റാഫ് സ്‌ട്രെങ്തില്‍, താന്‍ തന്റെ യൗവ്വനം മുഴുവന്‍ ഹോമിച്ചു പഠിച്ച ഉന്നതപഠനത്തെ പ്രയോജനപ്പെടുത്തി , അനസ്‌തേഷ്യ മുതല്‍ ടേബിള്‍ ക്ളീനിംഗ് വരെ ഒറ്റയ്ക്കു ചെയ്ത്, ഗര്‍ഭശസ്ത്രക്രിയ മുതല്‍ മൈക്രോവാസ്‌കുലാര്‍ ഒഫ്ത്താല്‍മിക് സര്‍ജറി വരെ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ചെയ്തു നല്‍കുന്ന ഈ നാട്ടിലെ കഠിനാധ്വാനികളായ വെറ്ററിനറി ഡോക്ടര്‍മാരെ പരിഹസിക്കുകയാണോ സര്‍ക്കാര്‍. ഈ വിയര്‍പ്പിന്റെ നേട്ടമനുഭവിക്കുന്നവര്‍ പൊതുസമൂഹം തന്നെയല്ലേ? വെറ്ററിനറി ഡോക്ടര്‍മാര്‍ സാധാരണക്കാര്‍ക്ക് അനിവാര്യരല്ല എന്നതാണ് പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിലെ മറ്റൊരു കണ്ടെത്തല്‍. പശുവിനെ പോറ്റുന്നതല്ലാതെ, പശുക്കള്‍ പോറ്റുന്ന കുടുബങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒരു ദിവസത്തെ കറവ നിലച്ചാല്‍ പുകയാത്ത അടുപ്പുകളുള്ള വീടുകള്‍ ഇന്നും ഈ നാട്ടില്‍ ഏറെയുണ്ട്. ''പശു പ്രസവിച്ചിട്ട് വേണം മോളെയൊന്നു കെട്ടിച്ചയയ്ക്കാന്‍'', അല്ലെങ്കില്‍ ''ഈ കറവ ക്കാലം തീരുമ്പോഴേക്ക് ഈ ഷീറ്റൊന്നു മാറ്റി വീടൊന്നു ഓടിടണമെന്നു'' സ്വപ്‌നം കാണുന്ന, അതുമല്ലെങ്കില്‍ ''ഈ പാല് വിറ്റിട്ട് വേണം മോളുടെ കോളേജ് ഫീസ് അടയ്ക്കാന്‍'' എന്നൊക്കെ തീരുമാനിച്ചിരിക്കുന്ന എത്രയോ സാധാരണക്കാര്‍ ഇന്നുമുണ്ട്. അവര്‍ ഒരു പക്ഷേ സര്‍ക്കാരിന് സാധാരണക്കാര്‍ ആയിരിക്കണമെന്നില്ല. അവര്‍ക്ക് ഞങ്ങള്‍ അനിവാര്യരാണ്. ഇതൊക്കെ അറിയണമെങ്കില്‍ ഇമ്മാതിരി ഉത്തരവുകള്‍ പടച്ചുവിടും മുന്‍പ് അധികാരത്തിന്റെ ദന്തഗോപുരങ്ങള്‍ വിട്ടിറങ്ങി, നാരായണേട്ടന്റെ, മത്തായിച്ചാച്ചന്റെ, മറിയുമ്മയുടെ കൂരയുടെ പിന്നാമ്പുറത്തേക്ക്, അവരുടെ കാലിത്തൊഴുത്തിലേക്ക് ഒന്നിറങ്ങി വരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.