കനത്ത മഴ ജില്ലയില്‍ 2.81 കോടിയുടെ കൃഷിനാശം

Monday 18 September 2017 10:06 pm IST

.പാലക്കാട്:ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്ത കനത്തമഴയിലും കാറ്റിലും ഇതുവരെ 2.81 കോടിയുടെ കൃഷിനാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 61.73 ഹെക്ടര്‍ വാഴ, നാല് ഹെക്ടര്‍ തെങ്ങ്, രണ്ട് ഹെക്ടര്‍ അടക്ക, ഒരു ഹെക്ടര്‍ പച്ചക്കറി, മൂന്ന് ഹെക്ടര്‍ റബ്ബര്‍, 623.20 ഹെക്ടര്‍ നെല്ല് ഉള്‍പ്പെടെ 694.93 ഹെക്ടര്‍ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ 1737 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. രണ്ടു ദിവസങ്ങളിലായി ലഭിച്ചത് 123.6 മില്ലീമീറ്റര്‍ മഴ. മുണ്ടൂര്‍ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിലാണ് (ഐആര്‍റ്റിസി) മഴ ലഭ്യത രേഖപ്പെടുത്തിയത്. 17 വരെ ജില്ലയില്‍ ലഭിച്ചത് 1730.6 മില്ലിമീറ്റര്‍ മഴയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 170.2 മില്ലീമീറ്റര്‍, മെയില്‍ 160.1, ജൂണില്‍ 412.2 ജൂലൈയില്‍ 357.1 ,ഓഗസ്റ്റില്‍ 332.8, 17 വരെ 298.2 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് നാശനഷ്ടങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ തയ്യാറാക്കി വരികയാണ്. കനത്തമഴ തുടരുന്നതിനാല്‍ ജില്ലാ കലക്ടറേറ്റില്‍ 0491-2505309 എന്ന നമ്പറില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മണ്ണാര്‍ക്കാട് ഭാഗത്താണ് മറ്റ് നാശനഷ്ടങ്ങള്‍്. ഇതേ തുടര്‍ന്ന് അട്ടപ്പാടി ഭാഗത്ത് ഉണ്ടായ ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപടി സ്വീകരിച്ചു വരികയാണ്. മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലെ 04924-222397 എന്ന നമ്പറില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. വൃഷ്ടി പ്രദേശത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ച് കാഞ്ഞിരപ്പുഴ അണക്കെട്ട് പൂര്‍ണ സംഭരണ ശേഷിയിലേക്ക് എത്തിയതിനാല്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്റര്‍ വരെ തുറന്നതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴയിലേലും തൂതപുഴയിലേയും ജലനിരപ്പ് വര്‍ധിച്ചിരിക്കുന്നതിനാല്‍ പുഴയുടെ തീരപ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.