ഏഴരപ്പൊന്നാന പുതുക്കിപ്പണിയാന്‍ കോടതിയുടെ അനുമതി തേടി

Monday 18 September 2017 10:34 pm IST

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തങ്കത്തില്‍ പൊതിഞ്ഞ ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ചൂണ്ടിക്കാട്ടി പുതുക്കിപ്പണിയുന്നതിന് ഹൈക്കോടതിയുടെ അനുമതിതേടി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി കുറുപ്പ് കോടതിക്ക് സമര്‍പ്പിച്ചു. ഏഴരപ്പൊന്നാനയെ എഴുന്നള്ളത്തിനായി എടുക്കുമ്പോള്‍ സ്വര്‍ണ്ണപ്പാളികള്‍ അടര്‍ന്നുപോകാനിടയുണ്ടെന്നും, ഈ സാഹചര്യത്തില്‍ അടുത്ത ഉത്സവത്തിന് മുമ്പായി പുതുക്കിപ്പണിയുന്നതിന് അടിയന്തര പ്രാധാന്യത്തോടെ അനുമതി നല്‍കണമെന്നുമാണ് ആഗസ്റ്റ് 9ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഏഴരപ്പൊന്നാനയുടെ ചില ഭാഗങ്ങള്‍ ഇളകിത്തുടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് രാജീവര് നല്‍കിയ കത്തിന്റെ പകര്‍പ്പും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടിട്ടുണ്ട്. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന വലിയ തിടമ്പ്, ശ്രീബലി വിഗ്രഹം എന്നിവയ്ക്കും അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്ന് തന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒരുതവണ മാത്രം പുറത്തെടുത്ത് കര്‍ക്കശ സുരക്ഷിതത്വത്തോടെ എഴുന്നള്ളിക്കുന്ന ഏഴരപ്പൊന്നാനയ്ക്ക് അഡ്വക്കേറ്റ് കമ്മീഷണര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെയുള്ള കേടുപാടുകളൊന്നും നിലവിലില്ലെന്ന അഭിപ്രായമാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ മൂല്യശേഖരങ്ങളുടെ സംരക്ഷണ ചുമതലയുള്ള തിരുവാഭരണം കമ്മീഷണറാണ് ഇങ്ങനെയുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് തയാറാക്കേണ്ടതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നത്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദവിവരങ്ങള്‍ ആരാഞ്ഞ് ബോര്‍ഡ് സെക്രട്ടറിയുടെ കത്ത് വരുമ്പോഴാണ് ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകളുണ്ടെന്ന കാര്യം ദേവസ്വം ഉദ്യോഗസ്ഥരും അറിയുന്നത്. മൂല്യശേഖരത്തിലെ വസ്തുക്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നാശമുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ബോര്‍ഡ് ഭരണനേതൃത്വത്തെ അറിയിച്ച് നടപടികള്‍ നിര്‍ദ്ദേശിക്കേണ്ടത് തിരുവാഭരണം കമ്മീഷണറാണ്. ഈ തസ്തികയില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ നിലവിലുണ്ട്. അദ്ദേഹം ഏഴരപ്പൊന്നാന സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ടുകളൊന്നും തയാറാക്കിയിട്ടുമില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന മേജര്‍ ക്ഷേത്രങ്ങളില്‍ നടപ്പാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളുടെ മേല്‍നോട്ട ചുമതലയാണ് അഡ്വക്കേറ്റ് കമ്മീഷണര്‍ക്കുള്ളത്. അദ്ദേഹമാണ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അഡ്വക്കേറ്റ് കമ്മീഷണറുടെ ഈ നടപടി ഭരണനിര്‍വ്വഹണത്തിലുള്ള ഇടപെടലാണെന്ന അഭിപ്രായങ്ങളാണ് ദേവസ്വം ഉദ്യോഗസ്ഥരില്‍ നിന്ന് ഉയരുന്നത്. എ.ഡി. 1789ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഏറ്റുമാനൂരപ്പന് കാഴ്ചവച്ചതാണ് ഏഴരപ്പൊന്നാന. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച ആനകളെ തങ്കപ്പാളികളാലാണ് പൊതിഞ്ഞിരിക്കുന്നത്. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് അഷ്ടദിക്ക് ഗജങ്ങള്‍. ഇതില്‍ വാമനന്‍ ചെറുതാകയാല്‍ അരപ്പൊന്നാനയാകുകയാണ് ഉണ്ടായതത്രേ. എട്ടുമാറ്റില്‍ ഏഴായിരത്തി ഒരുന്നൂറ്റി നാല്‍പത്തിമൂന്നേ അരയ്ക്കാല്‍ കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയുമാണ് തിരുവിതാംകൂര്‍ രാജാവ് നടയ്ക്കു വെച്ചത്. പ്രത്യേക സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ഏഴരപ്പൊന്നാനയെ പുറത്തെടുക്കുന്നത് എല്ലാ വര്‍ഷവും ഉത്സവത്തിന്റെ എട്ടാം നാള്‍ രാത്രിയാണ്. അന്ന് ആസ്ഥാനമണ്ഡപത്തില്‍ എഴുന്നള്ളിക്കുന്ന ഏഴരപ്പൊന്നാനയെ പിറ്റേന്ന് വലിയ വിളക്കിനും ആറാട്ട് എതിരേല്‍പ്പിനും എഴിന്നള്ളിപ്പിനും വീണ്ടും സ്‌ട്രോങ് റൂമിലേക്ക് മാറ്റുകയും ചെയ്യും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.