കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ഉത്സവത്തിന് 21ന് തുടക്കമാകും. ഉത്സവത്തിന്റെ ഭാഗമായി ഒന്‍പത് ദിവസവും വൈകിട്ട് മൂന്നു മണി മുതല്‍ രാത്രി 11 മണി വരെ വിവിധ സാംസ്ക്കാരിക പരിപാടികളുണ്ടാകും.
മഹാനവമി ദിവസമായ 29ന് രാവിലെ 11.30 ന് ചണ്ഡികായാഗം ആരംഭിക്കും. .ഉത്സവത്തിന്റെ എറ്റവും പ്രധാന ചടങ്ങായ നവരാത്രി രഥോത്സവം രാത്രി 8.15 ന് നടക്കും. .രഥോത്സവം കാണാന്‍ ഒരു ലക്ഷത്തിലധികം ആളുകളെത്തിച്ചേരും.
രഥത്തില്‍ നിന്ന് പൂജാരി വാരിയെറിയുന്ന നാണയങ്ങള്‍ കൈക്കലാക്കുവാന്‍ ഭക്തര്‍ മത്സരിക്കുക പതിവാണ്. ഈ നാണയം ലഭിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. 30ന് വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.
ആദ്യാക്ഷരം നുകരാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് കൊല്ലൂര്‍ മൂകാംബിക ദേവി സന്നിധിയിലെത്തിച്ചേരുക. നവരാത്രി ഉത്സവത്തിനെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡും ഉടുപ്പി ഡെപ്യൂട്ടി കമ്മിഷണറും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: