തിരുവനന്തപുരം: 29-ാമത് സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ആറ് വിഭാഗങ്ങളിലായി 54 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 338 പോയിന്റ് നേടി കേരളം മുന്നിലാണ്. 22 സ്വര്‍ണ്ണവും 14 വെള്ളിയും 11 വെങ്കലവുമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആദ്യദിനത്തില്‍ നേടിയത്. 337 പോയിന്റോടെ തമിഴ്നാട് തൊട്ടുപിന്നിലുണ്ട്. 290 പോയിന്റോടെ കര്‍ണാടക മൂന്നാം സ്ഥാനത്തും 113 പോയിന്റോടെ ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്തുമാണ്. പതിമൂന്നിനങ്ങളില്‍ പുതിയ റെക്കോഡുകള്‍ പിറന്നു. ഏഴ് ബറ്റര്‍ മീറ്റ് റെക്കോഡുകളും സൃഷ്ടിച്ചു.പതിനാറ് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100മീ. ഓട്ടത്തില്‍ തെലങ്കാനയുടെ ജെ.ദീപ്തി 12.47 സെക്കന്‍ഡില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു.
പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വാല്‍ട്ടില്‍ തമിഴ്നാടിന്റെ സത്യ 3.50 മീറ്ററില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400മീ.ഓട്ടത്തില്‍ തമിഴ്നാടിന്റെ വിദ്യ ആര്. 56.01 മിനിട്ടില്‍ റെക്കോഡ് സ്ഥാപിച്ചു. പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ ആര്‍ഷാബാബു 3.35 മീറ്റര്‍ ഉയരത്തില്‍ പുതിയ റെക്കോഡ് എഴുതി ചേര്‍ത്തു. 4ഃ100 മീ. റിലേയില്‍ തമിഴ്നാടിന്റെ താരങ്ങള്‍ 48.40 സെക്കന്‍ഡില്‍ പുതിയ റെക്കോഡിട്ടു.പതിനാറ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീ.ഓട്ടത്തില്‍ കര്‍ണാടകയുടെ ശശികാന്ത് വി.എ. 11.01 സെക്കന്‍ഡില്‍ റെക്കോഡ് കുറിച്ചു. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരങ്ങളില്‍ മൂന്ന് റെക്കോഡുകള്‍ പിറന്നു.
400 മീ.ഓട്ടത്തില്‍ കര്‍ണാടകയുടെ നിഹാല്‍ ജോയില്‍ ഡബ്ലൂ 48.32 സെക്കന്‍ഡില്‍ പുതിയ വേഗത എഴുതി ചേര്‍ത്തു. ഇതേ ഇനത്തില്‍ തമിഴ് നാടിന്റെ ബി.സതീഷ് കുമാര്‍(48.95സെ.), ടി. ജീവന്‍കുമാര്‍(49.15 സെ.), തെലങ്കാനയുടെ ഡി.ശ്രീകാന്ത് (49.19 സെ.)എന്നിവരും റെക്കോഡ് മറികടന്നു. 1500മീ.ഓട്ടത്തില്‍ തമിഴ്നാടിന്റെ ബി.ഗൗരവ്യദാവ് 4 മിനിട്ട് 3.41 സെക്കന്‍ഡില്‍ റെക്കോഡ് സ്ഥാപിച്ചു. ജാവ്ലിന് ത്രോയില്‍ കര്‍ണാടകയുടെ മനു ഡി.പി 65.51 മീറ്റര്‍ ദൂരത്തിന്റെ റെക്കോഡ് നേടി. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാല് റെക്കോഡുകള്‍ പിറന്നു.
400മീ. ഓട്ടത്തില്‍ കേരളത്തിന്റെ തോമസ് മാത്യു 48.13 സെക്കന്‍ഡില്‍ പുതിയ വേഗ സമയം തീര്‍ത്തപ്പോള്‍ കര്‍ണാടകയുടെ ഗൗരി ശങ്കര്‍ 48.58 സെക്കന്‍ഡില്‍ പഴയ വേഗം മറികടന്നു. 10,000 മീ. ഓട്ടത്തില്‍ കേരളത്തിന്റെ ഷെറിന് ജോസ് 32 മി.10.38 സെക്കന്‍ഡില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. കേരളത്തിന്റെ തന്നെ ജെസ്സന്‍ കെ.ജി. 4.80 മിനിട്ടില്‍ പഴയ റെക്കോഡ് മറികടന്നു. 4ഃ100 മീ. റിലേയില്‍ കേരളം 41.88 സെക്കന്‍ഡില്‍ പുതിയ സമയം കുറിച്ചപ്പോള്‍ തമിഴ്നാട് 42.46 സെക്കന്‍ഡില്‍ പഴയ വേഗത മറികടന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: