ഓച്ചിറയെ 'തെണ്ടികളുടെ ക്ഷേത്രമാക്കി' പാര്‍ട്ടി ചാനല്‍

Monday 18 September 2017 10:56 pm IST

ഓച്ചിറ: ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിനെതിരെ മോശം പരാമര്‍ശവുമായി സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍. ഞായറാഴ്ച രാത്രി 9.30ന് സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ക്ഷേത്രത്തെ വികലമായി ചിത്രീകരിച്ചത്. അഗതികളായിട്ടുള്ള നിരവധി ഭക്തരുടെ ആശ്രയ കേന്ദ്രമാണ് പരബ്രഹ്മ ക്ഷേത്രം. ക്ഷേത്രത്തില്‍ നിന്ന് മൂന്നു നേരം ലഭിക്കുന്ന ഭക്ഷണം കഴിച്ച് ക്ഷേത്രപരിസരത്ത് ഇവര്‍ ഈശ്വര ഭജനവുമായി കഴിയുന്നു. ഇത്തരക്കാരെ തെണ്ടികളാക്കി 'തെണ്ടികളുടെ ക്ഷേത്രം' എന്ന പേരിലാണ് കൈരളി പരിപാടി അവതരിപ്പിച്ചത്. ഈ പരിപാടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതര മതവിഭാഗങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ഹിന്ദുക്കളുടെ നേതൃത്വത്തില്‍ നടത്തുന്നതിനെ മോശമായി ചിത്രീകരിക്കുകയുമാണ് പാര്‍ട്ടി ചാനല്‍ നടത്തിയത്. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ഇവിടെ പരബ്രഹ്മം നിറഞ്ഞു നില്‍ക്കുന്നു എന്നാണ് വിശ്വാസം. ആല്‍ത്തറയില്‍ എത്തി തൊഴുത് മടങ്ങുന്ന ഭക്തര്‍ ശിവന്റെ വാഹനമായ നന്ദികേശനെ തൊഴുന്നതും ഇവിടെ മാത്രമുള്ള പ്രത്യേകതയാണ്. ആലപ്പുഴ, കൊല്ലം ജില്ലകളിലെ മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന 54 കരകളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള കമ്മറ്റിയാണ് ക്ഷേത്രം ഭരിക്കുന്നത്. ഇതാണ് പാര്‍ട്ടി ചാനലിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. കൈരളിചാനലിലെ പരിപാടിക്കെതിരെ ചാനല്‍ മേധാവിയെ പ്രതിഷേധം അറിയിച്ചതായി ഭരണസമിതി പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞു. ക്ഷേത്രത്തിലെ ആല്‍മരം കടപുഴകി ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ആല്‍മരം കടപുഴകി. വെടിപ്പുരയോട് ചേര്‍ന്ന് കല്‍ത്തറ കെട്ടി സംരക്ഷിച്ചിരുന്ന ആല്‍മരമാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീണത്. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ഇവിടെ ആല്‍മരത്തില്‍ പരബ്രഹ്മം കുടികൊള്ളുന്നതായാണ് സങ്കല്‍പ്പം. കൂറ്റന്‍ ആല്‍മരം പിഴുതു വീണിട്ടും ഒരു നാശനഷ്ടവും സംഭവിച്ചില്ലെന്നത് ദൈവിക സാന്നിദ്ധ്യമാണെന്ന് ഭക്തര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം പരബ്രഹ്മ ക്ഷേത്രത്തെ വികലമായി ചിത്രീകരിച്ച കൈരളി ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും ഭക്തര്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.