നിവേദനം നല്‍കി

Tuesday 19 September 2017 2:28 pm IST

പൂവാര്‍: ഓലത്താന്നി സൗഹൃദ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകസഭാ എംപി റിച്ചാര്‍ഡ് ഹെക്ക് നിവേദനം നല്‍കി. ദേശീയ മനുഷ്യാവകാശ മിഷന്‍ ജില്ലാഘടകത്തിന്റെ നേതൃത്വത്തിലാണ് എംപിക്ക് നിവേദനം നല്‍കിയത്. ഇരുപത്തിയഞ്ച് വര്‍ഷമായി റോഡില്ലാതെ യാത്രാദുരിതം അനുഭവിച്ചുവന്ന 30 കുടുംബങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ മിഷന്‍ ജില്ലാഘടകത്തിന്റെയും നാട്ടുകാരുടെയും വിവിധ രാഷ്ട്രീയകക്ഷികളുടെയും തീവ്രപരിശ്രമത്തിന്റെ ഭാഗമായാണ് റോഡ് അനുവദിച്ചത്. റോഡിന്റെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. മൂന്നരമീറ്റര്‍ വീതിയിലും അരക്കിലോമീറ്റര്‍ നീളത്തിലുമാണ് ഓലത്താന്നി വാര്‍ഡിന്റെ റോഡ് സഞ്ചാരയോഗ്യമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനത്തിന് വസ്തുവിട്ടുനല്‍കിയും സാമ്പത്തിക വിട്ടുവീഴ്ച നടത്തിയും മിഷന്റെ പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരും ചേര്‍ന്നു. കൂട്ടായ്മയുടെ ശ്രമഫലമായി യാഥാര്‍ഥ്യമായ റോഡിന് സൗഹൃദ റോഡ് എന്ന് പേരുമിട്ടു. റോഡിന്റെ പ്രരംഭഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും പൂര്‍ണമായി സഞ്ചാരയോഗ്യമാകുവാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കി നല്‍കാനായി ദേശീയ മനുഷ്യാവകാശ മിഷന്‍ ജില്ലാ പ്രസിഡന്റ് രാഫായി ചന്ദ്രനും നാട്ടുകാരും നെയ്യാറ്റിന്‍കര നഗരസഭയെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി പല വാതിലുകളില്‍ മുട്ടിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. തുടര്‍ന്നാണ് നിവേദനവുമായി എംപിക്ക് മുന്നില്‍ എത്തിയത്. നിവേദനം വാങ്ങിയ എംപി എത്രയുംവേഗം റോഡ് നിര്‍മാണത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കി. മനുഷ്യാവകാശ മിഷന്‍ ജില്ല പ്രസിഡന്റ് രാഫായി ചന്ദ്രന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, അരങ്കമുകള്‍ സന്തോഷ്, റിട്ടയേര്‍ഡ് അതിയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി ഗിരി, മോഹനന്‍ നായര്‍ എന്നിവരും നാട്ടുകാരും അടങ്ങുന്ന സംഘമാണ് എംപിക്ക് നിവേദനം സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.