സ്‌കൂളിലെ അരികടത്ത്; അന്വേഷണം ആരംഭിച്ചു

Tuesday 19 September 2017 4:56 pm IST

കരുനാഗപ്പള്ളി: വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുവാനും, ഭക്ഷണത്തിനുമായി സര്‍ക്കാര്‍ നല്‍കിയ അരി പുറത്തേക്ക് കടത്തിയതായി പരാതി. സംഭവം വിവാദമായതോടെ പ്രഥമ അദ്ധ്യാപികയോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജു വിശദീകരണം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ഉപജില്ലയിലെ മണപ്പള്ളി ഗവ.എല്‍പിഎസിലാണ് കുട്ടികള്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ നല്‍കിയ അരി പുറത്തേക്ക് കടത്തിയത്. ഓണം അവധി തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഒരു കുട്ടിക്ക് അഞ്ച് കിലോ അരി വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. കുട്ടികള്‍ക്ക് അരി നല്‍കിയതിന് ശേഷം ഈ സ്‌കൂളിലെ താത്ക്കാലിക അറബിക് അദ്ധ്യാപകനാണ് അരി കടത്തിയത്. അരി ചാക്കിലാക്കി മറ്റൊരാളുടെ സഹായത്തോടെ ഇയാള്‍ കടത്തുകയായിരുന്നു. പ്രഥമാധ്യാപികയുടെ അനുവാദത്തോടെ ആണ് ഇയാള്‍ അരി കടത്തിയതെന്നും അരോപണമുണ്ട്. സ്‌ക്കൂളിലെ ഡിവിഷന്‍ നില നിര്‍ത്താന്‍ മറ്റു സ്‌കൂളുകളില്‍ പഠിക്കുന്ന പത്തോളം കുട്ടികള്‍ സ്‌ക്കൂളില്‍ പഠിക്കുന്നതായി കൃത്രിമ രേഖ ഉണ്ടാക്കിയതായും ആക്ഷേപമുണ്ട്. സമീപ പ്രദേശങ്ങളിലെ സ്വകാര്യ സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എല്ലാ ദിവസവും ഇവിടെ ഹാജര്‍ നല്‍കിവരുന്നു. സ്‌ക്കൂളില്‍ വരാത്ത ഈ കുട്ടികള്‍ക്കായുള്ള അരിയാണ് പ്രഥമാധ്യാപിക പുറത്തേക്ക് കടത്തുന്നത്. ഇത് നിത്യ സംഭവമായതോടെ അരി കടത്തുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉടപ്പെടെ പുറത്താക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തായതോടെ പിറ്റിഎ അടിയന്തര യോഗം വിളിച്ചു കൂട്ടി. യോഗത്തില്‍ പ്രഥമ അദ്ധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. കുടാതെ കുട്ടികള്‍ക്ക് നല്‍കുന്ന പാലിന്റെ കണക്കിലും ക്രമക്കേടുകള്‍ കാട്ടുന്നതായും ആക്ഷേപമുയര്‍ന്നു. ഇതോടെ അദ്ധ്യാപികയോട് നിര്‍ബന്ധിത ട്രാന്‍സ്ഫര്‍ വാങ്ങി മാറുവാന്‍ യോഗം നിര്‍ദ്ദേശിച്ചു. മാറിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അറിയിച്ചു. ഇക്കാര്യം സ്‌ക്കൂള്‍ പിറ്റിഎ മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രഥമ അദ്ധ്യാപിക പഞ്ചായത്ത് അംഗങ്ങളെയും അദ്ധ്യാപക സംഘടനയേയും കൂട്ട് പിടിച്ച് ഇവിടെ തുടരാന്‍ ശ്രമിച്ചതോടെ രക്ഷകര്‍ക്കത്താക്കള്‍ സംഭവം കരുനാഗപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എഇഒ സ്‌ക്കൂളിലെത്തി തെളിവെടുപ്പ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.